ചരിത്രം സൃഷ്ടിച്ച് ഷെയ്ഖ അസ്മ; അന്നപൂർണ-1 കീഴടക്കിയതാണ് പുതിയ നേട്ടം

0
2126

ദോഹ: ലോകത്തിലെ 10-ാമത്തെ വലിയ
കൊടുമുടിയായ അന്നപൂർണ കീഴടക്കി ഷെയ്ഖ അസ്മ ബിൻത് താനി അൽതാനി. ലോകത്തിലെ 10-ാമത്തെ വലിയ കൊടുമുടിയായ അന്നപൂർണ-1 ഇത്തവണ കീഴടക്കിയതാണ് പുതിയ നേട്ടം.

ഏപ്രിൽ 15നാണ് അന്നപൂർണ -1 ന് മുകളിൽ ഷെയ്ഖ അസ്മ ഖത്തറിന്റെ പതാക നാട്ടിയത്.
കയറാൻ ഏറ്റവും അപകടം നിറഞ്ഞതും ബുദ്ധിമുട്ടേറിയതുമായ പർവതമാണ് സമുദ്ര നിരപ്പിൽ നിന്ന് 8,091 മീറ്റർ ഉയരത്തിലുള്ള അന്നപൂർണ. ഇതോടെ 8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളിൽ 7 എണ്ണവും ഷെയ്ഖ അസ്മ കീഴടക്കി. ഈ നേട്ടം കൈവരിക്കുന്ന പ്രഥമ അറബ് വനിതയെന്ന പേരും സ്വന്തമാക്കി.

നേപ്പാളിന്റെ വടക്ക് സെൻട്രലിൽ ഗണ്ടക്കി പ്രവിശ്യയിൽ ആണ് അന്നപൂർണ സ്ഥിതി ചെയ്യുന്നത്. മിൻഗ്മ തെൻസി ഷെർപയുടെ നേതൃത്വത്തിലുള്ള റോപ്-ഫിക്‌സിങ് ടീം ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ഷെയ്ഖ അസ്മ അന്നപൂർണ കീഴടക്കിയത്.

ലോകത്തിലെ ഏറ്റവും ഉയരമേറിയ എവറസ്റ്റ് കൊടുമുടി കീഴടക്കിയ പ്രഥമ ഖത്തരി വനിത, കെ2, കാഞ്ചൻജംഗ എന്നിവ കീഴടക്കിയ പ്രഥമ അറബ് വനിത, ഉത്തര-ദക്ഷിണധ്രുവങ്ങൾ കീഴടക്കിയ പ്രഥമ ഖത്തരി വനിത, എവറസ്റ്റ് കീഴടക്കി 24 മണിക്കൂറിനുള്ളിൽ ലോകത്തിലെ നാലാമത്തെ വലിയ കൊടുമുടികളിലൊന്നായ ലോട്‌സെ കീഴടക്കിയ പ്രഥമ ഖത്തരി വനിത എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ഷെയ്ഖ അസ്മ ഇതിനകം സ്വന്തമാക്കിയത്.

7 കൊടുമുടികളും ഉത്തര-ദക്ഷിണ ധ്രുവങ്ങളും കീഴടക്കി ഗ്രാൻഡ് സ്ലാം പൂർത്തിയാക്കുകയാണ് ഷെയ്ഖ അസ്മയുടെ ലക്ഷ്യം. 2014 ൽ കിളിമഞ്ചാരോ, 2019 ൽ അകോൺകാഗ്വ, 2020 ൽ യൂറോപ്പിലെ എൽബ്രസ് എന്നീ കൊടുമുടികൾ കീഴടക്കിയ ശേഷമാണ് അന്റാർട്ടിക്കയിലെ വിൻസൺ മാസിഫ് കീഴടക്കി ദക്ഷിണധ്രുവത്തിലെത്തിയത്.

കിഴക്കൻ നേപ്പാളിലെ അമാ ദബ്ലം, ലോകത്തിലെ ഏറ്റവും ഉയരമേറിയ ഏഴാമത്തെ കൊടുമുടിയായ ദൗലഗിരി, എട്ടാമത്തെ കൊടുമുടിയായ നേപ്പാളിലെ മനാസ്ലു എന്നിവയും കീഴടക്കി കഴിഞ്ഞു. ഖത്തർ ഒളിംപിക് കമ്മിറ്റി മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടറാണ് ഷെയ്ഖ അസ്മ.