മുംബൈ/റിയാദ്: സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് സ്റ്റിക്കർ ഒഴിവാക്കുന്നു. സഊദി സിവിൽ എവിയേഷൻ ആണ് ഇത് സംബന്ധിച്ച സൂചന നൽകുന്നത്. വിസ സ്റ്റിക്കർ ഇല്ലാത്ത യാത്രക്കാർക്കും ബോർഡിങ് നൽകണമെന്നാണ് സഊദി സിവിൽ എവിയേഷൻ സഊദിയിലേക്ക് സർവ്വീസ് നടത്തുന്ന വിമാനകമ്പനികൾക്ക് നൽകിയ ഏറ്റവും പുതിയ നിർദേശം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദിയിലേക്കുള്ള തൊഴിൽ, സന്ദർശന, താമസ വിസകൾ പാസ്പോർട്ടിൽ ഇനി മുതൽ സ്റ്റിക്കർ രൂപത്തിൽ ഉണ്ടാകില്ലെന്നാണ് ഗാക സർക്കുലർ വ്യക്തമാക്കുന്നത്. സഊദിയിലേക്കുള്ള ഇത്തരം വിസ യാത്രക്കാർക്ക് പാസ്സ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നതിനു പകരം വിസ വിവരങ്ങൾ ഉൾപ്പെടുന്ന A4 പേപ്പർ ആണ് ഉണ്ടാകുകയെന്നും അതിലെ ക്യു ആർ കോഡ് പരിശോധിച്ച് വിസയുടെ സാധുത ഉറപ്പ് വരുത്തി യാത്രാനുമതി നൽകണമെന്നുമാണ് സിവിൽ എവിയെഷൻ വിമാനകമ്പനികൾക്ക് നൽകുന്ന സർക്കുലറിൽ വ്യക്തമാക്കുന്നത്.
ഇന്ത്യയെ കൂടാതെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് -യു എ ഇ, അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത്, ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ, റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് ഫിലിപ്പീൻസ്, റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നാണ് പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കുന്നത് നിർത്തിയത്. പകരം യാത്രകാരന്റെ വിസ വിവരങ്ങൾ അടങ്ങിയ പേപ്പർ ആയിരിക്കും ഉണ്ടാകുക.
ഇത്തരം വിസകളിൽ വരുന്ന എല്ലാ യാത്രക്കാരെയും വിസ സാധുത പരിശോധിച്ച് കൊണ്ടുപോകാൻ എല്ലാ വിമാനക്കമ്പനികൾക്കും അനുമതിയുണ്ടെന്നും ഗാകയുടെ പുതിയ സർക്കുലർ തീരുമാനം 01 മെയ് 2023 മുതൽ പ്രാബല്യത്തിൽ വരുമെന്നും സിവിൽ എവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
GACA പുറപ്പെടുവിച്ച സർക്കുലറുകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് ഗവൺമെന്റിന്റെ ഉത്തരവുകളുടെ വ്യക്തമായ ലംഘനമാണെന്നും ലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലർ മുന്നറിയിപ്പ് നൽകി.
അതേ സമയം, ഈ സംവിധാനം കോൺസുലേറ്റ് നേരത്തെ കൊണ്ട് വന്നിരുന്നുവെങ്കിൽ നിരവധി പ്രവാസി കുടുംബങ്ങൾ അനുഭവിച്ച വലിയ മാനസിക സാംബത്തിക പ്രയാസങ്ങൾ സംഭവിക്കില്ലായിരുന്നുവെന്ന് ട്രാവൽസ് ഏജൻസികൾ പറഞ്ഞു. നേരത്തെ പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിപ്പിക്കുന്ന സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാർ മൂലം വിസ സ്റ്റാംബിംഗ് വൈകിയതും അത് മൂലം പല പ്രയാസങ്ങളുമാണ് കുടുംബങ്ങൾ ഉൾപ്പെടെയുള്ള സഊദി വിസക്കാർ അനുഭവിച്ചിരുന്നത്.
നിലവിൽ സഊദിയിലേക്കുള്ള ഉംറ, ടൂറിസം തുടങ്ങി ഓൺലൈൻ വിസകൾ ഇതിനകം തന്നെ സ്റ്റാമ്പിങ് ഇല്ലാതെ ഇത്തരത്തിൽ A4 പേപ്പറിൽ ലഭിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, മറ്റു വിസകൾ എല്ലാം സഊദി കോൺസുലെറ്റിലോ എംബസിയിലോ പാസ്പോർട്ടുകൾ സമർപ്പിച്ച് സ്റ്റാമ്പിങ് നടത്തി സ്റ്റിക്കർ പതിച്ചാണ് വിസ ലഭിച്ചിരുന്നത്. എന്നാൽ, പുതിയ അപ്ഡേറ്റ് പ്രകാരം എല്ലാം ഓൺലൈൻ വത്കരിക്കുമെന്നാണ് മനസ്സിലാകുന്നത്. അങ്ങനെയാണെങ്കിൽ കുടുംബ സന്ദർശന വിസയിൽ അടക്കം പോകുന്നവർക്ക് വിസ സ്റ്റാമ്പിങ് എന്ന കടമ്പ എളുപ്പത്തിൽ കടക്കാൻ സാധിച്ചേക്കും. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വന്നേക്കുമെന്നാണ് കരുതുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക