മുൻ എംപി അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു;

0
5157

ലഖ്‌നൗ: ഗുണ്ടാത്തലവനും യുപിയിലെ കൊടും ക്രിമിനലുകളിൽ ഒരാളും സമാജ്‌വാദി പാർട്ടിയുടെ എംപിയുമായിരുന്നു അതിഖ് അഹമ്മദ് വെടിയേറ്റു മരിച്ചു.ജയിലിൽ കഴിയുന്ന അതിഖിനെ പ്രയാഗ്‌രാജിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകവെയായിരുന്നു സംഭവം. അതിഖിന്റെ സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റു കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകരുടെയും പൊലീസിന്റെയും മുൻപിൽവച്ചായിരുന്നു അരുംകൊല. മൂന്നംഗം സംഘമാണ് വെടിയുതിർത്തത്. ഉമേഷ് പാല്‍ വധക്കേസില്‍ പോലീസ് പിടിയിലായ ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമാണ് അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും.

മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. പോലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. രണ്ടോ മൂന്നോ പേര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തതായാണ് വിവരം. മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു.
തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നു.

പോലീസ് റിമാന്‍ഡിലിരിക്കെയാണ്‌ അതിഖ് അഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി.യായ ഇയാള്‍ നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005-ല്‍ അന്നത്തെ ബി.എസ്.പി. എം.എല്‍.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഫെബ്രുവരി 24-നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.

ഇവരെ കൊലപ്പെടുത്തിയ സംഘത്തിന്റെ തലവനാണ് മകന്‍ ആസാദെന്നാണ് പോലീസ് പറയുന്നത്. അതിഖ് അഹമ്മദ്, സഹോദരന്‍ അഷ്റഫ്, ആസാദ്, ഗുലാം എന്നിവരുടെപേരില്‍ പോലീസ് കേസെടുത്തിരുന്നു.