ദോഹ: പെരുന്നാൾ ആഘോഷമാക്കാൻ വിസ്മയിപ്പിക്കുന്ന പരിപാടികളുമായി ഖത്തർ ടൂറിസം. കുടുംബ സൗഹൃദ പരിപാടികൾ, സംഗീത നിശകൾ, വെടിക്കെട്ട് പ്രദർശനം, കായിക മേള തുടങ്ങിയ പരിപാടികളാണ് 3 ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നത്.
‘ഖത്തറിലെ ഈദ് അനുഭവിക്കൂ’ എന്ന ക്യാംപെയ്‌ന്റെ ഭാഗമായി ഏപ്രിൽ 21 മുതൽ 23 വരെ ആഘോഷങ്ങൾ നടക്കും. ഈദ് സംഗീത നിശകളിൽ മേഖലയിലെ വിഖ്യാത ഗായകരാണ് എത്തുന്നത്. വിനോദവും വിജ്ഞാനവും കോർത്തിണക്കി കുട്ടികൾക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷങ്ങൾക്കായി ലുസെയ്ൽ വിന്റർ വണ്ടർലാൻഡ് വീണ്ടും തുറക്കും.
ഏഷ്യൻ ടൗൺ, ലുസെയ്ൽ മൾട്ടിപർപസ് ഹാൾ, ക്യുഎൻസിസി അൽ മയാസ തിയറ്റർ തുടങ്ങിയ സ്ഥലങ്ങളും വേദിയാകും. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടികളാണ് ഖത്തർ എയർവേയ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്നത്. ദിവസേന രാത്രി 9ന് ദോഹ കോർണിഷിൽ വെടിക്കെട്ട് പ്രദർശനവും ആസ്വദിക്കാം. ഹോട്ടലുകളിലെ ഈദ് ഓഫറുകളും പ്രയോജനപ്പെടുത്താം.
ഏപ്രിൽ 21 മുതൽ 23 വരെ രാത്രി 9 മുതൽ ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിലെ അൽ മയാസ തിയറ്ററിൽ സംഗീത നിശകൾ ആസ്വദിക്കാം. ഖത്തർ ടൂറിസത്തിന്റെ ഫ്‌ളാഗ് ഷിപ്പ് പ്രോഗ്രാമായ ഖത്തർ ലൈവിന്റെ കീഴിലാണിത്. 21ന് താമർ ഹോസ്‌നിയുടെ അറബ് ഹിറ്റ് ഗാനങ്ങളാണ്. ഡിജെ റോഗെയുടെ തൽസമയ പ്രകടനവും ആസ്വദിക്കാം.
22ന് മർവൻ ഖൗറിയും നജ്‌വ കരാമും ചേർന്നാണ് സംഗീതം അവതരിപ്പിക്കുന്നത്. 21ന് ഖലിജി സംഗീതത്തിന്റെ ആഘോഷരാവാണ്. ഖത്തറിന്റെ ഫഹദ് അൽ ഖുബൈസി, സൗദി ഐഡൽ ജേതാവ് ഹാംസ്, എമിറാത്തി ഗായിക ബൽഖീസ് എന്നിവരാണ് സംഗീത വിരുന്നൊരുക്കുന്നത്.