ഷാർജ: ഷാർജയിൽ കുട്ടികളുടെ വായനോത്സവ (ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ–എസ്‌സിആർഎ്) ത്തിന്റെ 14-ാമത് എഡിഷൻ മേയ് മൂന്ന് മുതൽ 14 വരെ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കും.
ഇന്ത്യയുൾപ്പെടെ 66 രാജ്യങ്ങളിൽ നിന്നുള്ള 512 അതിഥികൾ പങ്കെടുക്കും, 1,658 ആകർഷകമായ ശിൽപശാലകളിലും സെഷനുകളിലും പങ്കെടുക്കാനും ബാലസാഹിത്യ രംഗത്ത് തങ്ങളുടെ ഏറ്റവും പുതിയ സൃഷ്ടികൾ പ്രദർശിപ്പിക്കാനുമുള്ള അവസരമാണ് ‘ട്രെയ്ൻ യുവർ ബ്രെയിൻ’ എന്ന പ്രമേയത്തിൽ നടക്കുന്ന ഇൗ സാംസ്കാരികോത്സവത്തിൽ ലഭിക്കുക.
ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) സംഘടിപ്പിക്കുന്ന 12 ദിവസത്തെ പരിപാടിയിൽ ഷാർജ ആനിമേഷൻ കോൺഫറൻസിന്റെ ഉദ്ഘാടനവും ബുക്ക് സെല്ലേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പും ഉൾപ്പെടെ നിരവധി ആവേശകരമായ പരിപാടികളും നടക്കും.
ഷാർജ ആനിമേഷൻ സമ്മേളനത്തിന്റെ ഉദ്ഘാടന പതിപ്പ് മേയ് 3 മുതൽ 5 വരെ എസ്‌സിആർഎഫിന്റെ ഭാഗമായി എസ്‌ബിഎ സംഘടിപ്പിക്കും. ഇത് ഈ മേഖലയിലെ ആദ്യത്തേതായിരിക്കും. ഇറ്റലിയിലെ ബെർഗാമോ ആനിമേഷൻ ഡേയ്‌സ് (ബാഡ്) ഫെസ്റ്റിവലിന്റെ പങ്കാളിത്തത്തോടെയാണ് പരിപാടി.
52 രാജ്യങ്ങളിൽ നിന്ന് 223 പേരും 17 അറബ് രാജ്യങ്ങളിൽ നിന്ന് 160 പേരും ഉൾപ്പെടെ 383 പുസ്തക വിതരണക്കാരെ ഒരുമിച്ച് കൊണ്ടുവരുന്ന ബുക്ക് സെല്ലേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പ്, ബാലസാഹിത്യ രംഗത്ത് അവരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ പുസ്‌തക വിതരണം. പുതിയ വിപണികളിലെ അവസരങ്ങൾ കണ്ടെത്തൽ തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചയും നടക്കും. കൂടാതെ,വ്യവസായത്തെക്കുറിച്ചുള്ള സെമിനാറുകളും ശിൽപശാലകളും ഉണ്ടായിരിക്കും.