വനിതാ സ്പോൺസർ ഹുറൂബിലാക്കും ഭർത്താവ് ക്യാൻസൽ ചെയ്യും: മൂന്ന് വർഷമായി നാട്ടിൽ പോവാൻ കഴിയാതെ പ്രതിസന്ധിയിലായി മലയാളി ഹൗസ് ഡ്രൈവർ; ഒടുവിൽ സാമൂഹ്യ പ്രവർത്തകന്റെ ഇടപെടൽ ആശ്വാസമായി

0
2305

ദമാം: കുടുംബ പ്രശ്നങ്ങളെ തുടർന്ന് വനിതാ സ്പോൺസർ ഹുറൂബിലാക്കുകയും പിന്നീട് ഭർത്താവ് ക്യാൻസൽ ചെയ്യുകയും ചെയ്യുന്ന അവസ്ഥ ആവർത്തിക്കുന്നതിനാൽ ജോലി ചെയ്യാനും നാട്ടിൽ പോവാനും കഴിയാതെ മൂന്ന് വർഷത്തോളം പ്രതിസന്ധിയിലകപ്പെട്ട് നിസ്സഹായതയിലായിരുന്ന മലയാളിക്ക് സാമൂഹ്യ പ്രവർത്തകന്റെ ഇടപെടൽ ആശ്വാസമായി. പ്രശ്നപരിഹാരത്തിന്നായി സഹായിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം പ്രവർത്തകനും ഇന്ത്യൻ എംബസി വളണ്ടിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ സമീപിച്ചതോടെയാണ് വഴി തെളിഞ്ഞത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയമ നടപടി ക്രമങ്ങൾ പൂർണ്ണമാവാൻ കാലതാമസം വരുമെന്നതിനാൽ സ്പോൺസറുമായി ബന്ധപ്പെട്ട് അവസാന ശ്രമം നടത്തി നോക്കാൻ നിർദ്ദേശം കൊടുത്തെങ്കിലും പരാജയപ്പെട്ടതിനാൽ അവസാനം സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ സാന്നിദ്ധ്യത്തിൽ ലേബർ ഓഫീസിൽ നേരിട്ട് ചെന്ന് പരാതി നൽകുകയായിരുന്നു. ഇതേതുടന്ന് ഗാർഹിക തൊഴിൽ വിഭാഗം ലേബർ ഓഫീസർ സ്പോൺസറുമായി ഓൺലൈനിൽ ബന്ധപ്പെട്ട് ചർച്ച ചെയ്തതിനാൽ അനുകൂലമായ വിധിയിലൂടെ കറാറുണ്ടാക്കി. പക്ഷെ,സ്പോൺസറുടെ ഭാഗത്ത് നിന്നും ആവശ്യമായ തുടർനടപടി ക്രമങ്ങളൊന്നുമുണ്ടാവാത്തതിനാൽ പത്ത് ദിവസം കഴിഞ്ഞ് വീണ്ടും ലേബർ ഓഫീസിനെ സമീപിച്ച് വിഷയം അവതരിപ്പിച്ചു.

ഇഖാമ കാലാവധി ഉണ്ടായിരുന്നിട്ടു പോലും ലേബർ ഓഫീസിന്റെ സഹായത്താൽ ജവാസാത്തിൽ നിന്നും ഫൈനൽ ഏക്സിറ്റ് ലഭിക്കാനുള്ള ശുപാർശ കത്ത് ലഭിച്ചത് തീർത്തും ആശ്വാസകരമായി. ഏതാനും ദിവസങ്ങളുടെ കാത്തിരിപ്പിൽ ഈ കത്തുമായി ജവാസാത്തിനെ സമീപിച്ച് ഫൈനൽ ഏക്സിറ്റ് കരസ്ഥമാക്കുകയായിരുന്നു. ഇതോടെ, ശാശ്വത പരിഹാരമായ സന്തോഷത്തിൽ വ്യാഴാഴ്ച രാത്രി അദ്ദേഹം നാടണഞ്ഞു. മൂന്ന് വർഷത്തിന് ശേഷം തന്റെ പിതാവിനെ കാണാത്തതിൽ എന്നും വിളിച്ച് കരയുന്ന സ്വന്തം മകനെ കാണാനും കുടുംബത്തിലെത്തി പെരുന്നാൾ ആഘോഷിക്കാനും ആനന്ദ കണ്ണീർ പൊഴിച്ചാണ് ആശ്വാസത്തോടെ സൈഫുദ്ദീൻ പൊറ്റശ്ശേരിക്ക് നന്ദിയറിയിച്ചു കൊണ്ട് പറന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക