കീവ്: തടവുകാരനായി പിടികൂടിയ യുക്രെയ്ൻ സൈനികനെ റഷ്യൻ സൈനികൻ കഴുത്തറുത്ത് കൊല്ലുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ യുക്രെയ്ന്റെ പ്രതികരണം.
ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരൻമാരെക്കാൾ ക്രൂരൻമാരാണ് റഷ്യൻ സൈനികരെന്ന ആരോപണവുമായി യുക്രെയ്ൻ.
യുക്രെയ്ൻ സൈന്യം ഉപയോഗിക്കുന്ന ബാൻഡ് ധരിച്ച ആളെ റഷ്യൻ യൂണിഫോം ധരിച്ച ആൾ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.
റഷ്യൻ സൈന്യം മൃഗീയമായി കൊലപാതകം നടത്തുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആരോപിച്ചു. ലോകത്തുള്ള ആർക്കും തന്നെ ഇക്കാര്യങ്ങൾ അവഗണിക്കാൻ സാധിക്കില്ല. നിയമപരമായ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. ഭീകരപ്രവർത്തനം ചെറുത്തു തോൽപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിഡിയോയുടെ ആധികാരികത സംബന്ധിച്ച് ഇനിയും ഉറപ്പ് വരുത്താനായിട്ടില്ല. വിഡിയോയെ സംബന്ധിച്ച് റഷ്യൻ സർക്കാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.