കൽപറ്റ: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൽപറ്റയിൽ. അയോഗ്യത നടപടി നേരിട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി മണ്ഡലത്തിലെ വോട്ടർമാരെ കാണാൻ എത്തുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇരുവരും ഹെലികോപ്ടറിലാണ് കൽപറ്റയിലെത്തിയത്. കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചു. വൻ ജനാവലിയുെട സാന്നിധ്യത്തിലാണ് റോഡ് ഷോ.
റോഡ് ഷോയ്ക്കു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ പങ്കാളികളാവും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിക്കും.
രാഹുൽ ഗാന്ധിയോടൊപ്പം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ.സലാം, മോൻസ് ജോസഫ് എംഎൽഎ, എൻ.കെ. പ്രേമചന്ദ്രൻ എംപി, സി.പി. ജോൺ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.