യുഎഇ പ്രഖ്യാപിച്ച 100 കോടി ഭക്ഷണ പദ്ധതി: 15 ദിവസത്തിൽ സമാഹരിച്ചത് 51.4 കോടി ദിർഹം

0
976

അബുദാബി: യുഎഇ പ്രഖ്യാപിച്ച 100 കോടി ഭക്ഷണ പദ്ധതിക്ക് (വൺ ബില്യൻ മീൽസ് എൻഡോവ്മെന്റ്) യുഎഇ സമൂഹത്തിന്റെ പിന്തുണ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച പദ്ധതിയിൽ  15 ദിവസത്തിനിടെ സമാഹരിച്ചത് 51.4 കോടി ദിർഹം. ലോകത്തിന്റെ പട്ടിണിയകറ്റാൻ വേണ്ടിയാണ് ഇത്തരത്തിൽ പദ്ധതി ആവിശ്ക്കരിച്ചത്.

ബിസിനസുകാർ, സാധാരണക്കാർ തുടങ്ങി സർക്കാർ, സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളും പദ്ധതിക്ക് വൻ പിന്തുണ നൽകി. 87,000 ദാതാക്കളിൽ നിന്ന് 2 ആഴ്ചയ്ക്കിടെ 51.4 കോടി ദിർഹം ലഭിച്ചത് ജനങ്ങളുടെ കരുതലിന്റെ തെളിവാണെന്ന് കാബിനറ്റ് കാര്യ മന്ത്രിയും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്‌സ് സെക്രട്ടറി ജനറലുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി അഭിപ്രായപ്പെട്ടു. 

 മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്‌സ് 2020ലെ റമസാനിൽ ഒരു കോടി  ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിരുന്നു. 2021 റമസാനിൽ ഇത് 10 കോടി ഭക്ഷണപ്പൊതികളാക്കി വർധിപ്പിച്ചു. 

അറബ്, ആഫ്രിക്ക, ഏഷ്യൻ മേഖലകളിലെ 20 രാജ്യങ്ങളിലായാണ് ഭക്ഷണം വിതരണം ചെയ്തത്. കഴിഞ്ഞ വർഷം 50 രാജ്യങ്ങളിലായി 100 കോടി ആളുകളുടെ വിശപ്പടക്കാൻ പദ്ധതിയിലൂടെ സാധിച്ചു.പൊതുജനങ്ങൾക്ക് InstaShop സ്‌മാർട് ആപ്പ് വഴി 10, 50, 100, 300, 500 ദിർഹം വീതം സംഭാവന ചെയ്യാം.വെബ്സൈറ്റ് (www.1billionmeals.ae), കോൾ സെന്റർ  (800 9999) എന്നിവയിലൂടെയോ എമിറേറ്റ്‌സ് എൻബിഡിയിലുള്ള (AE30 0260 0010 1533 3439 802) അക്കൗണ്ടിലൂടെ ബാങ്ക് ട്രാൻസ്ഫറായോ പണം അയയ്ക്കാം.‍ഡു ഉപഭോക്താക്കൾക്ക് “MEAL” എന്ന വാക്ക് 1020 എന്ന നമ്പറിലേക്കും  ഇത്തിസലാത്ത് ഉപഭോക്താക്കൾ 1110 എന്ന നമ്പറിലേക്കും എസ്എംഎസ് അയച്ചും സംഭാവന ചെയ്യാം. DubaiNow ആപ്പിലും സംഭാവന ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.