മക്ക: മാതാവിന്റെ കൂടെ ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിയായ ബാലൻ മക്കയിൽ മരിച്ചു. കാരശ്ശേരി കക്കാട് മുക്കാൻതൊടി നാസർ – ഖദീജ (ചക്കിപ്പറമ്പൻ കുരുങ്ങനത്) ദമ്പതികളുടെ മകൻ അബ്ദുറഹ്മാൻ ആണ് മക്കയിൽ മരണപെട്ടത്. ഒമ്പത് വയസായിരുന്നു. മുക്കം ചേന്ദമംഗല്ലൂർ ഹെവൻസ് ആൻഡ് ഹാബിറ്റ്‌സ് അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളില്ലെല്ലാം മിടുക്കനായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിങ്കളാഴ്ച പുലർച്ചെയാണ് കരിപ്പൂരിൽനിന്ന് പിതാവിനും ഉമ്മക്കും സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവഹിക്കാനായി വിശുദ്ധ ഭൂമിയിലേക്ക് പറന്നത്. ഉംറ കർമങ്ങളൊക്കെ കഴിഞ്ഞ് റൂമിലെത്തി കുളിച്ച് സന്തോഷത്തോടെ, മഗ്‌രിബ് നമസ്‌കാരത്തിനായി മാതാപിതാക്കൾക്കൊപ്പം വിശുദ്ധ ഹറമിലേക്ക് നടക്കവെയാണ് കുട്ടി കുഴഞ്ഞുവീണത്. കുഴഞ്ഞു വീണതിനെ തുടർന്ന് മക്ക കിംഗ് അംബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മക്കയിലെ തന്നെ മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിഷാൽ (എടവണ്ണ ജാമിഅ നദ്‌വിയ്യ ബി.എഡ് കോളജ്), വഫ (അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി), റഫ (പ്രിലിമിനറി വിദ്യാർത്ഥി, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ്), ഹൈഫ (ഏഴാംക്ലാസ്, ജി.എം.യു.പി സ്‌കൂൾ കൊടിയത്തൂർ) എന്നിവർ സഹോദരങ്ങളാണ്. ഹായിലിൽ ജോലി ചെയ്യുന്ന പിതാവ് നാസർ ഇപ്പോൾ മക്കയിൽ ഉണ്ട്. മയ്യത്ത് മക്കയിൽ തന്നെ ഖബറടക്കും. സഹായത്തിനായി സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക