റിയാദ്: സൈബർ ലോകത്ത് പുതു തട്ടിപ്പുമായി കള്ളന്മാർ. വെബ്സൈറ്റ് വഴിയാണ് പുതിയ പണി വരുന്നത്. റിയാദിൽ ഐ.ടി രംഗത്തെ സംരംഭകനായ പെരിന്തൽമണ്ണ സ്വദേശി മഹ്റൂഫിന്റെ മകൻ ഫഹീമിനെയാണ് സൈബർ കള്ളൻ കഴിഞ്ഞ ദിവസം കുരുക്കാൻ ശ്രമിച്ചത്. ഫഹീം പഠനാവശ്യത്തിനായി ലാപ് ടോപ്പിൽ തുറന്നപ്പോൾ വെബ്സൈറ്റുകളൊന്നും ഉപയോഗിക്കാൻ കഴിയാത്ത വിധം മരവിച്ചിരിക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റേത് പോലെ രൂപകൽപന ചെയ്ത പേജിൽ സ്ക്രീനിൽ ഒരു സന്ദേശം വന്ന് കിടപ്പുണ്ടായിരുന്നു. ഈ രാജ്യത്ത് ഉപയോഗിക്കാൻ അനുമതിയില്ലാത്ത വെബ്സൈറ്റ് ഉപയോഗിച്ചെന്നും ഗുരുതരമായ സുരക്ഷാ ലംഘനമാണ് നടത്തിയതെന്നുമാണ് ആ സന്ദേശത്തിൽ പറയുന്നത്.
താങ്കൾ ചെയ്ത കുറ്റത്തിന് പിഴയായി 1900 സൗദി റിയാൽ 12 മണിക്കൂറിനകം അടക്കണം. അല്ലാത്തപക്ഷം തുക പത്തിരട്ടിയായി വർധിക്കുമെന്നും തടവും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷക്ക് വിധേയമാകേണ്ടി വരുമെന്നും സന്ദേശത്തിൽ പറയുന്നു. ബാങ്ക് കാർഡ് വിവരങ്ങൾ നൽകി വഴി പണം അടക്കാനുള്ള സംവിധാനവും ഇതേ പേജിൽ ഒരുക്കിയിട്ടുണ്ട്.
ഒറിജിനലിനെ വെല്ലുന്ന പേജാണ് തട്ടിപ്പിനായി നിർമിച്ചിരിക്കുന്നത്. ഐ.ടി വിദ്യാർഥിയും ഉപ്പയോടൊപ്പം ബിസിനസിൽ സഹായിയുമായ ഫഹീമിന് ഇത്തരം തട്ടിപ്പിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നത് കൊണ്ടും രക്ഷപ്പെട്ടു.
വ്യാപകമായ സൈബർ തട്ടിപ്പിനെതിരെ നിതാന്ത ജാഗ്രത പുലർത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
അപകടകരമായ ഈ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ സ്കൂളുകൾ തൊട്ട് സാധ്യമാകുന്ന ഇടങ്ങളിലെല്ലാം അധ്യാപകരും സാമൂഹിക പ്രവർത്തകരും സംഘടനകളും ബോധവത്കരണം നടത്തുകയാണ് മുൻകരുതലെന്ന് മഹ്റൂഫ് പറയുന്നു.