ന്യൂ ഡൽഹി: ഇൻഡിഗോ വിമാനത്തിൽ എമർജസി ഡോർ തുറക്കാൻ ശ്രമം. ദില്ലി – ബംഗളൂരു ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ വെച്ച് 40 വയസുള്ള യാത്രികൻ എമർജസി ഡോർ തുറക്കാൻ ശ്രമം നടത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. യാത്രക്കാരൻ മദ്യപിച്ചിരുന്നു എന്ന് ഇൻഡിഗോ അധികൃതർ പറഞ്ഞു.
ദിവസങ്ങൾക്കു മുമ്പ് മറ്റൊരു ഇൻഡിഗോ വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് സംഭവം. 24 കാരിയായ ക്യാബിൻ ക്രൂവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ 62കാരനായ സ്വീഡിഷ് പൗരൻ കെ. എറിക് ഹരാള്‍ഡ് ജോനാസ് വെസ്റ്റ്ബര്‍ഗിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം.
ഭക്ഷണം വിളമ്പുന്നതിനിടെയാണ് എയര്‍ ഹോസ്റ്റസിനോട് ഇയാൾ മോശമായി പെരുമാറിയത്. വെസ്റ്റ്ബര്‍ഗ് വാങ്ങിയ ചിക്കന്‍ വിഭവത്തിന്റെ ബില്‍ അടയ്ക്കാന്‍ പി.ഒ.എസ് മെഷീനുമായി എത്തിയപ്പോള്‍, കാര്‍ഡ് സ്വൈപ് ചെയ്യാനെന്ന വ്യാജേന എയര്‍ഹോസ്റ്റസിന്റെ കയ്യില്‍ അനുചിതമായ രീതിയില്‍ പിടിച്ചുവെന്നാണ് പരാതി. പ്രതിഷേധിച്ചപ്പോൾ വെസ്റ്റ്ബെർഗ് സീറ്റിൽ നിന്ന് എഴുന്നേറ്റ് മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ച് പീഡിപ്പിച്ചതായി യുവതി മുംബൈ പൊലീസിനോട് പറഞ്ഞു.