റിയാദ്: ഖുർആൻ പാരായണ, ബാങ്ക് വിളി ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലെത്തിച്ച് ആറു ഗിന്നസ് റെക്കോർഡുകൾ കരസ്തമാക്കി അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾക്ക് റിയാദിൽ സമാപനം. വിജയികൾക്ക് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് കാഷ് പ്രൈസ് വിതരണം ചെയ്തു.

ഖുർആൻ പാരായണ വിഭാഗത്തിൽ ഇറാനിൽ നിന്നുള്ള മത്സരാർഥി യൂനുസ് ഷാഹംറാദിയും ബാങ്ക് വിളി മത്സര വിഭാഗത്തിൽ സൗദിയിൽ നിന്നുള്ള മുഹമ്മദ് ആലുശരീഫും ഒന്നാം സ്ഥാനങ്ങൾ നേടി.
ഇരുവർക്കും യഥാക്രമം 30 ലക്ഷം റിയാലും 20 ലക്ഷം റിയാലും കാഷ് ലഭിച്ചു.
ഇത്തവണ 165 രാജ്യങ്ങളിൽ നിന്നുള്ള 50,000 ലേറെ പേർ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ കൊല്ലം 80 രാജ്യങ്ങളിൽ നിന്നുള്ള 40,000 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.
സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ഇന്നലെ വൈകീട്ടോടെയാണ് സമാപിച്ചത്.
ഖുർആൻ പാരായണ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി 20 ലക്ഷം റിയാലിന്റെ കാഷ് പ്രൈസ് സ്വന്തമാക്കിയത് സൗദിയിൽ നിന്നുള്ള മത്സരാർഥി അബ്ദുൽ അസീസ് അൽഫഖീഹ് ആണ്. മൊറോക്കോയിൽ നിന്നുള്ള മത്സരാർഥി സകരിയ്യ അൽസൈർക് മൂന്നാം സ്ഥാനത്തെത്തി 10 ലക്ഷം റിയാലും മൊറോെേക്കായിൽ നിന്നു തന്നെയുള്ള അബ്ദുല്ല അൽദഗ്‌രി നാലാം സ്ഥാനത്തെത്തി ഏഴു ലക്ഷം റിയാലും കാഷ് പ്രൈസ് നേടി.
ബാങ്ക് വിളി മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയത് ഇന്തോനേഷ്യയിൽ നിന്നുള്ള ദിയാഉദ്ദീൻ ബിൻ നിസാറുദ്ദീൻ ആണ്. രണ്ടാം സ്ഥാനക്കാരന് 10 ലക്ഷം റിയാൽ കാഷ് പ്രൈസ് ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ റഹീഫ് അൽഹാജിന് അഞ്ചു ലക്ഷം റിയാലും നാലാം സ്ഥാനത്തെത്തിയ ബ്രിട്ടീഷ് മത്സരാർഥി ഇബ്രാഹിം അസദിന് മൂന്നു ലക്ഷം റിയാലും കാഷ് പ്രൈസ് ലഭിച്ചു.
ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ഖുർആൻ പാരായണ മത്സരം, ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ബാങ്ക് വിളി മത്സരം, ഏറ്റവുമധികം പേർ പങ്കെടുത്ത ഖുർആൻ പാരായണ മത്സരം, ഏറ്റവുധികം മത്സരാർഥികൾ പങ്കെടുത്ത ബാങ്ക് വിളി മത്സരം, ഏറ്റവും ഉയർന്ന കാഷ് പ്രൈസുകൾ സമ്മാനിച്ച ഖുർആൻ മത്സരം, ബാങ്ക് വിളി മത്സരം എന്നീ റെക്കോർഡുകളാണ് ഗിന്നസിൽ ഇടം നേടിയത്.
കഴിഞ്ഞ വർഷവും ഈ കൊല്ലവുമായി 160 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 90,000 ലേറെ മത്സരാർഥികൾ ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളിൽ പങ്കെടുത്തു.