അനില്‍ കെ ആന്റണി ബിജെപിയില്‍ ചേർന്ന് അംഗത്വം സ്വീകരിച്ചു; എ കെ ആന്റണി വൈകിട്ട് മാധ്യമങ്ങളെ കാണും

0
3725

ന്യൂഡൽഹി: എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.

ഇത് സന്തോഷകരമായ ദിനമാണ് എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ബിജെപിയുടെ സ്ഥാപന ദിവസമാണ്. ഈ ദിവസം തന്നെ അനില്‍ ആന്റണിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷണുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളിലൂടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് നാടിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നിലപാടുകള്‍ എടുത്തിരുന്ന ആളാണ് അനില്‍ ആന്റണി. കോണ്‍ഗ്രസിലായിരുന്ന സമയത്തും അദ്ദേഹത്തിന്റെ വിവിധ വിഷയങ്ങളിലെ അഭിപ്രായങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് നാടിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ച് ബിജെപിയുടെ കുടക്കീഴില്‍ വരാന്‍ സന്നദ്ധരാകുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് അനില്‍ ആന്റണി അംഗത്വം സ്വീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടേയും അനിൽ ആൻറണിയുടേയും ദർശനം ഒന്നാണെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമാണ് രാഷ്ട്രം എന്നാണ് അനിലിൻറെ നിലപാട്. അതുകൊണ്ടാണ് ബിബിസിയുടെ ഡോക്യുമെൻററി ഇന്ത്യയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് അദ്ധേഹം പറഞ്ഞു. കേരളത്തിലെ പാർടിയിലും കേരള രാഷ്ട്രീയത്തിലും അനിൽ ആൻറണിക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും പീയൂഷ് ഗോയൽ പറഞ്ഞു.

എ.കെ.ആന്റണി വൈകിട്ട് 5.30ന് കെപിസിസി ആസ്ഥാനത്ത് പ്രതികരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോൺഗ്രസുമായി തെറ്റി. തുടർന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.

പിന്നീട് കോൺഗ്രസിനെ വിമർശിച്ച് പലതവണ രംഗത്തെത്തി. 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ, അനിലിന്‍റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയായി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്’ എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്.

കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.