ജിദ്ദ: ശാരീരിക വൈകല്യമുള്ള കുട്ടികളെ ചൂഷണം ചെയ്ത് ഭിക്ഷാടനത്തിനായി ഉപയോഗപ്പെടുത്തി പണം സമ്പാദിക്കുന്ന സംഘത്തിലെ നിരവധി പേർ അറസ്റ്റിൽ. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന നിരവധി യെമൻ പൗരന്മാരെയാണ് ജിദ്ദയിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ശാരീരിക വൈകല്യമുള്ള കുട്ടികളെ മസ്ജിദുകൾക്കും കടകൾക്കും മുന്നിൽ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ എത്തിച്ച് പണം സമ്പാദിക്കുകയായിരുന്നു സംഘം ചെയ്‌തിരുന്നത്. പ്രശസ്തമായ റെസിഡൻഷ്യൽ ഹൗസ് ഒളിത്താവളമായി ഉപയോഗിച്ചായിരുന്നു ഭിക്ഷാടന പ്രവർത്തനങ്ങൾ സംഘം നിയന്ത്രിച്ചിരുന്നത്.
മുൻകൂർ ആസൂത്രണത്തോടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടതായി പിടിയിലായവർ കുറ്റസമ്മതം നടത്തിയതായും പൊതുസ്ഥലങ്ങളിൽ കുട്ടികളെ ഭിക്ഷാടനം നടത്തുകയും പിന്നീട് ഇവരിൽ നിന്ന് പണം കൈപ്പറ്റുകയുമാണ് പതിവെന്ന് പൊതുസുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിന് മുമ്പായി പ്രാഥമിക അന്വേഷണ നടപടികൾ പൂർത്തീകരിച്ചു വരികയാണെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഭിക്ഷാടനം അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ന്യായീകരണങ്ങൾ പരിഗണിക്കാതെ സഊദി അറേബ്യ നിരോധിച്ചിട്ടുണ്ട്. ഭിക്ഷാടന വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ഭിക്ഷാടനത്തിലേർപ്പെടുകയോ, മറ്റുള്ളവരെ ഭിക്ഷാടനം ചെയ്യാൻ പ്രേരിപ്പിക്കുകയോ, സമ്മതിക്കുകയോ, മറ്റുള്ളവരെ സഹായിക്കുകയോ ചെയ്താൽ, ആറ് മാസത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ 50,000 റിയാലിൽ കൂടാത്ത പിഴയോ ഉൾപ്പെടെയുള്ള പിഴകൾ ലഭിക്കും. സംഘടിത ഭിക്ഷാടകർക്കെതിരെ കർശനമായ ശിക്ഷകൾ നിയമം അനുശാസിക്കുന്നുണ്ട്. ഭിക്ഷാടനം നടത്തുന്ന സംഘത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് ഒരു വർഷത്തിൽ കൂടാത്ത തടവോ 100000 റിയാലിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഭിക്ഷാടനത്തിന് ശിക്ഷിക്കപ്പെട്ട എല്ലാ വിദേശികളെയും ജയിൽ ശിക്ഷയും പിഴയും അടച്ചതിന് ശേഷം രാജ്യത്ത് നിന്ന് നാടുകടത്തും. ഹജ്ജ്, ഉംറ കർമ്മങ്ങൾക്ക് മാത്രമല്ലാതെ പിന്നീട് സഊദിയിലേക്ക് പ്രവേശനം സാധ്യമാകുകയില്ല.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഭിക്ഷാടനത്തിനെതിരെ പോരാടുന്നതിനുള്ള ശ്രമങ്ങൾ സുരക്ഷാ അധികാരികൾ തുടരുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് പറഞ്ഞു. എല്ലാ പൗരന്മാരോടും പ്രവാസികളോടും അവരുടെ സംഭാവനകൾ നിയമാനുസൃതമായ കേന്ദ്രങ്ങൾ വഴി മാത്രമേ മാത്രമേ നൽകൂ എന്ന് പൗരന്മാരോടും താമസക്കാരോടും ഉണർത്തി. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ മക്ക, റിയാദ് പ്രദേശങ്ങളിലുള്ളവർ ടോൾ ഫ്രീ നമ്പറായ 911 ലും രാജ്യത്തിന്റെ മറ്റെല്ലാ പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് ഭിക്ഷാടകരെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനും പബ്ലിക് സെക്യൂരിറ്റി വക്താവ് ആവശ്യപ്പെട്ടു.