ന്യൂഡൽഹി: സഊദി അറേബ്യയിലേക്കുള്ള മുഴുവൻ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കി പരിമിതപ്പെടുത്തിയതായി ന്യൂഡൽഹിയിലെ സഊദി റോയൽ എംബസി അറിയിച്ചു. അടുത്ത മാസം നാലു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പരിഷ്‌കാര പ്രകാരം സഊദിയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമായിരിക്കുമെന്ന് ന്യൂഡൽഹിയിലെ സഊദി റോയൽ എംബസി ട്രാവൽസ് ഏജൻസികളെ ഔദ്യോഗികമായി അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേരത്തെ സമാനമായ അറിയിപ്പ് മുംബൈയിലെ സഊദി എംബസിയും പുറത്തിറക്കിയിരുന്നു. ഇത് സംബന്ധിച്ച നിർദ്ദേശം ന്യൂഡൽഹിയിലെ സഊദി റോയൽ എംബസി മുഴുവൻ ട്രാവൽ ഏജൻസികൾക്കും കൈമാറി. ഇത്തരത്തിലുള്ള എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും ഏപ്രിൽ നാല് മുതൽ എംബസിയിലും കോൺസുലേറ്റിലും സ്വീകരിക്കുക.
നിലവിൽ ട്രാവൽ ഏജൻസികളുടെ കൈവശമുള്ള പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുന്നതിന് വേണ്ടി രണ്ടാഴ്ച്ചക്കുള്ളിൽ അഥവാ ഏപ്രിൽ 19 ന് മുമ്പ് എംബസിയിൽ സമർപ്പിക്കാമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ തിയ്യതിക്ക് ശേഷം മുകളിൽ സൂചിപ്പിച്ച ഒരു വിസയും ട്രാവൽ ഏജൻസികളിൽ നിന്ന് എംബസി നേരിട്ട് സ്വീകരിക്കുകയില്ല. നിലവിൽ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിസ സ്റ്റാമ്പിംഗ് വി.എഫ്.എസ് വഴിയാണ് ചെയ്യുന്നത്. ഇതേരീതിയാണ് സഊദിയിലേക്കും നടപ്പാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വി എഫ് എസ് വഴി സ്റ്റാമ്പിങ് ചെയ്യുമ്പോൾ ചിലവ് വർധിക്കുമെന്നും സമയം കൂടുതൽ എടുത്തേക്കാമെന്നും ട്രാവൽസ് ഏജൻസികൾ അറിയിച്ചു.
അതേസമയം, നിലവിൽ സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിൽ നിരവധി പ്രതിസന്ധികളുണ്ട്. ട്രാവൽ ഏജന്റുമാരുടെ ക്വാട്ട കുറച്ചിന് പുറമെ, ചില പാസ്‌പോർട്ടുകളിൽ വിസ സ്റ്റാമ്പ് പതിപ്പിക്കാത്തതും പ്രതിസന്ധി ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസവും കുടുംബത്തിലെ ചിലരുടെ പാസ്പോർട്ടുകൾ തിരിച്ചയതായി ട്രാവൽസ് ഏജൻസികൾ അറിയിച്ചു. പാസ്‌പോർട്ടുകൾ കൃത്യ സമയത്ത് സ്റ്റാമ്പ് ചെയ്ത് ലഭിക്കാത്തതിനെ തുടർന്ന് നിരവധി പേരുടെ യാത്ര മുടങ്ങിയിട്ടുണ്ട്. പലർക്കും ടിക്കറ്റ് പണം നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. നേരത്തെ എടുത്തുവെച്ച, റീഫണ്ടിംഗ് സൗകര്യമില്ലാത്ത ടിക്കറ്റുകൾ എടുത്തവരാണ് കൂടുതൽ പ്രതിസന്ധിയിലായത്.
വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയതോടെ ടിക്കറ്റുകൾക്ക് മുടക്കിയ പണം നഷ്ടമായ നിരവധി പേരാണുള്ളത്. കുടുംബ സമേതം പോകാനായി കാത്തിരുന്നവരും ടിക്കറ്റ് എടുത്തവരും നിരവധി പേരുണ്ട്. നേരത്തെ ഒരു ട്രാവൽ ഏജൻസിക്ക് ഒരു തവണ 75 വീതം പാസ്‌പോർട്ടുകൾ സ്റ്റാമ്പിംഗിനായി സമർപ്പിക്കാനുള്ള അവസരം ഈയിടെ 45 പാസ്‌പോർട്ട് ആയും ചുരുക്കിയിരുന്നു. എന്നാൽ, ഈ പ്രതിസന്ധികൾക്കൊക്കെ പരിഹാരമായി നാളെ (വെള്ളിയാഴ്ച) എല്ലാ ഏജൻസികൾക്കും എണ്ണം കണക്കാക്കാതെ എത്ര പാസ്സ്പോർട്ട് വേണമെങ്കിലും സമർപ്പിക്കാനുള്ള സംവിധാനം മുംബൈയിലെ കോൺസുലേറ്റ് ഒരുക്കിയിട്ടുണ്ട്. ഇതിൽ കണ്ണും നട്ട്, നേരത്തെ ടിക്കറ്റ് എടുത്ത് വെച്ച കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷയിലാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക