സാമൂഹിക പ്രവർത്തകന്റെ ഇടപ്പെടൽ; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു

0
1287

റിയാദ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് അവശനായി സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന
കൊൽക്കത്ത സ്വദേശിയെ നാട്ടിലെത്തിച്ചു.

കഴിഞ്ഞ ഏപ്രിലിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് അവശനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊൽക്കത്ത ബിർഭൂം നാനൂർ സ്വദേശി മുനീറുദ്ദീനെ (27) യാണ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഇടപെട്ട് നാട്ടിലെത്തിച്ചത്.

റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെ ശഖ്‌റയിൽ നടന്ന അപകടത്തിൽ തലച്ചോറിന് ഗുരുതര പരിക്കേറ്റ് ശഖ്‌റാ ജനറൽ ആശുപത്രിയിലാണ് ആദ്യം ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഒരു വശം പൂർണമായും തളർന്നു പോയിരുന്നു. മുഖത്തെയും കൈകാലുകളിലെയും എല്ലുകൾ പൊട്ടി. ശഖ്‌റായിൽ വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ വിദഗ്ധ ചികിത്സക്കായി റിയാദ് ശുമൈസിയിലെ കിംഗ് സൗദ് ആശുപത്രിയിലെത്തിച്ചു.

അഞ്ചു മാസം അവിടെ ചികിത്സയിൽ കഴിഞ്ഞു. എന്നാൽ കിടക്കയില്ലാത്തതിനാൽ തിരികെ ശഖ്‌റ ജനറൽ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോകേണ്ടി വന്നു.
അവിടെയും അഞ്ചു മാസം കൂടി കിടന്നു. ഇതിനിടയിൽ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ വീട്ടുകാർ എല്ലാ ശ്രമവും നടത്തുന്നുണ്ടായിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും നിവേദനം നൽകി. നാട്ടിലെത്തിക്കാൻ ആവശ്യമായത് ചെയ്യാൻ നിർദേശമെത്തി.

എംബസി ചുമതലപ്പെടുത്തിയതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ശഖ്‌റയിലെത്തുകയും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. യുവാവ് ജോലി ചെയ്തിരുന്ന കമ്പനിയുടെ റിയാദിലുള്ള ആസ്ഥാനത്ത് പോയി അധികൃതരുമായി സംസാരിച്ചു.

അവർ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. വിമാനത്തിൽ ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കി നാട്ടിലെത്തിക്കാനുള്ള ചുമതല ദുബായ് ആസ്ഥാനമായ ബ്ലൂ ഡോട്ട് എന്ന നഴ്‌സിംഗ് കമ്പനി ഏറ്റെടുത്തു. കമ്പനി സി.ഇ.ഒ നിജിൽ ഇബ്രാഹിം റിയാദിലെത്തി ശിഹാബിനൊപ്പം ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. യാത്രയിൽ പരിചരണത്തിന് നഴ്‌സും ഓക്‌സിജനും മറ്റു വൈദ്യ പരിചരണവും നൽകാനുള്ള സംവിധാനവും സ്‌ട്രെച്ചർ സൗകര്യവുമൊരുക്കി രോഗിയെ കൊണ്ടുപോകാനുള്ള തയാറെടുപ്പ് നടത്തി.

എന്നാൽ കൊൽക്കത്തയിലേക്ക് റിയാദിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസില്ലാത്തതിനാൽ യാത്ര വീണ്ടും നീളാനിടയാക്കി. ഒടുവിൽ എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ സൗകര്യമൊരുങ്ങി. കഴിഞ്ഞ ദിവസം ദുബായ് വഴി കൊൽക്കത്തയിൽ എത്തിച്ചു. ആവശ്യമായ പരിചരണവുമായി മലയാളിയായ മെയിൽ നഴ്‌സ് ലിജോ വിമാനത്തിൽ ഒപ്പം സഞ്ചരിച്ചു. ഇന്ത്യൻ എംബസി എല്ലാ സഹായവും നൽകി. നഴ്‌സുമാരായ ശോശാമ്മ, അമല, നിമ, ശോഭ എന്നിവരും ഫിറോസ്, സുനിൽ എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.
ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസുലർ എം.ആർ സജീവ്, സഹ ഉദ്യോഗസ്ഥൻ അർജുൻ സിംഗ് എന്നിവരും ആവശ്യമായ എല്ലാ സഹായവും നൽകിയതായി ശിഹാബ് കൊട്ടുകാട് അറിയിച്ചു.