സൈക്കിളുമായി റോഡിനു കുറുകെ നടക്കുന്നതിനിടെ വാഹനമിടിച്ചു യുവാവിന് ദാരുണാന്ത്യം; ഡ്രൈവർമാർക്ക്‌ പിഴ

0
1519

റാസൽഖൈമ: സൈക്കിളുമായി റോഡിനു കുറുകെ നടക്കുമ്പോൾ രണ്ടു വാഹനങ്ങളിടിച്ച് ഏഷ്യൻ യുവാവ് മരിച്ചു. രണ്ടു ഡ്രൈവർമാർക്കും കോടതി പിഴ വിധിച്ചു.

34 കാരനായ ഏഷ്യക്കാരനാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു. സൈക്കിൾ ഉരുട്ടിക്കൊണ്ടു പോകുകയായിരുന്ന ഇയാളെ ആദ്യം ഒരു അറബ് വംശജൻ ഓടിച്ച കാറാണ്  ഇടിച്ചത്. തുടർന്നു ഗൾഫ് പൗരൻ ഓടിച്ച മറ്റൊരു കാറും  ഇടിക്കുകയായിരുന്നു. യുവാവ് തത്ക്ഷണം മരിച്ചു.

വാഹനമോടിച്ചവർ ട്രാഫിക് സിഗ്നലുകൾ നിരീക്ഷിക്കാത്തതും ശ്രദ്ധയില്ലാതെ വാഹനങ്ങൾ ഓടിച്ചതുമാണ് അപകടത്തിനും യുവാവിന്‍റെ മരണത്തിനും ഇടയാക്കിയതെന്നു റാസൽഖൈമ പബ്ലിക് പ്രോസിക്യൂഷൻ ഓഫിസ് പറഞ്ഞു. റാസൽഖൈമ ട്രാഫിക് മിസ്‌ഡീമിനിയർ കോടതി ഓരോരുത്തർക്കും 1,500 ദിർഹം പിഴ ചുമത്തി. മരിച്ചയാളുടെ അവകാശികൾക്കു നിയമപരമായ ദിയാധനം(ബ്ലഡ് മണി) 66,666 ദിർഹം നൽകാനും ഉത്തരവിട്ടു.  

അപകടം നടക്കുമ്പോൾ യുവാവ് വലത്തു നിന്ന് ഇടത്തോട്ടു റോഡിനു കുറുകെ കടക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വലത് പാത മുറിച്ചു കടന്നപ്പോഴാണു രണ്ടു വാഹനങ്ങളും ഒരേ സമയം ഇടിച്ചത്. രണ്ടാമത്തെ വാഹനത്തിന്റെ മുൻവശത്തു യുവാവിന്റെ സൈക്കിൾ കുടുങ്ങിപ്പോയിരുന്നു.