സഊദി കോൺസുലേറ്റിൽ പാസ്പോർട്ടുകളുടെ എണ്ണം വീണ്ടും കുറച്ചു; വിസിറ്റ് വിസ ഉൾപ്പെടെ വിസ സ്റ്റാമ്പിങ്ങിൽ പ്രതിസന്ധി വീണ്ടും രൂക്ഷം

0
8847

മുംബൈ: മുംബൈയിലെ സഊദി കോൺസുലേറ്റിൽ പാസ്പോർട്ടുകളുടെ എണ്ണം വീണ്ടും കുറച്ചത് ഫാമിലി വിസ ഉൾപ്പെടെ വിസ സ്റ്റാമ്പിങ്ങിൽ കടുത്ത പ്രതിസന്ധിയിലാക്കി. ട്രാവൽ ഏജൻസികൾക്ക് കോൺസുലേറ്റ് നൽകിയ പുതിയ നിർദേശത്തോടെ സഊദിയിലേക്കുള്ള ഫാമിലി വിസ സ്റ്റാമ്പിങ്ങിൽ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഞായറാഴ്ചയാണ് പുതിയ നിർദേശം മുംബൈയിലെ സഊദി കോൺസുലേറ്റ് ഔദ്യോഗിക ട്രാവൽസ് ഏജൻസികളെ അറിയിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാളെ മുതൽ എല്ലാ ഏജന്റുമാർക്കുമുള്ള പാസ്സ്പോർട്ട് ക്വാട്ട പ്രതിദിനം 45 പാസ്‌പോർട്ടുകൾ ആക്കിയാണ് കുറച്ചിരിക്കുന്നത്. നേരത്തെയിത് 70 പാസ്സ്പോർട്ട് വീതമായിരുന്നു. എന്നാൽ, പുതിയ നിർദേശം പ്രകാരം ഇത് 45 മാത്രമായിരിക്കും. മാർച്ച് 20 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. നിർദേശം ബന്ധപ്പെട്ട എല്ലാവരിലും എത്തിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു. ഓരോ ഏജന്റ്റിനും ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് വിസ സ്റ്റാമ്പിങ്ങിന് പാസ്സ്പോർട്ട് സമർപ്പിക്കാൻ അനുവാദമുള്ളൂ. അതിലെ എണ്ണം തന്നെ വെട്ടിക്കുറച്ചതോടെ നിലവിൽ ഫാമിലി വിസിറ്റ് വിസയടക്കം സ്റ്റാമ്പിങ് പൂർത്തിയായി പാസ്സ്പോർട്ട് തിരികെ ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടി വരും.

…..

നിലവിൽ തന്നെ സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പ്രതിസന്ധി നേരിടുന്നുണ്ട്. ഇക്കാര്യം നേരത്തെ മലയാളംപ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. വിസ സ്റ്റാംപ് ചെയ്യുന്നതിന് സമർപ്പിക്കുന്ന ചില പാസ്‌പോർട്ടുകൾ കാരണം ബോധിപ്പിക്കാതെ തിരിച്ചയക്കുകയാണ് ചെയ്തു വരുന്നത്. ഈ പാസ്‌പോർട്ടുകൾ പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും സമർപ്പിക്കാനാണ് സഊദി കോൺസുലേറ്റ് അധികൃതർ നിർദ്ദേശിക്കുന്നത്. സിസ്റ്റത്തിൽ വിസ ഇഷ്യു ചെയ്യുന്നുവെങ്കിലും പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാതെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഇതിന് ഉടൻ ഇതിന് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഫാമിലികൾ ഉൾപ്പെടെ കഴിയുന്നതിനിടെയാണ് ഇപ്പോഴത്തെ പുതിയ നിർദേശങ്ങൾ.

നിലവിൽ മുംബൈയിലെ കോൺസുലേറ്റിൽ മാത്രമാണ് ഈ പ്രതിസന്ധിയുള്ളത്. തിരിച്ചയക്കുന്ന പാസ്‌പോർട്ടുകളിൽ പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും സമർപ്പിക്കുക എന്ന നിർദ്ദേശം എഴുതി നൽകുന്നുണ്ട്. ഒരു കുടുംബത്തിന്റെ തന്നെ നാലും അഞ്ചും പാസ്‌പോർട്ടുകൾ ഒന്നിച്ചു സമർപ്പിക്കുമ്പോൾ ചില പാസ്പോർട്ടുകൾ മാത്രമായി തിരിച്ചയക്കുന്നത് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത് സഊദിയിലേക്കുള്ള യാത്രയെയും നേരത്തെ ടിക്കറ്റ് എടുത്തു വെച്ചവരെയുമാണ് കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നത്.

നിലവിൽ സഊദിയിലേക്ക് ആയിരക്കണക്കിന് പാസ്പോർട്ടുകളാണ് സ്റ്റാമ്പിങ്ങിനായി മുംബൈ കോൺസുലേറ്റിൽ സമർപ്പിക്കുന്നത്. പുതിയ വിസനിയമത്തിലെ ലഘുകരണം ഉൾപ്പെടെ സഊദിയിലേക്ക് ധാരാളമായി വിസകൾ ഇറങ്ങുന്നതും മൂലം ഉണ്ടായ നടപടികളിലെ കാലതാമസമെന്നും വിലയിരുത്തപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ സഊദിയിലേക്കുള്ള വിമാനടിക്കറ്റുകൾ നേരത്തെ തന്നെ എടുക്കരുതെന്നും വിസ സ്റ്റാമ്പ് ചെയ്ത് കിട്ടിയാൽ മാത്രമേ ടിക്കറ്റുകൾ എടുക്കാവൂ എന്നും ട്രാവൽ രംഗത്തുള്ളവർ പറഞ്ഞു. വെക്കേഷൻ സമയം ആയതിനാൽ നിരവധി കുടുംബങ്ങളാണ് സഊദിയിലേക്ക് സന്ദർശക വിസകളിൽ വരാനായി കാത്തിരിക്കുന്നത്. ഇവർക്കെല്ലാം ഈ കാലതാമസം മൂലം യാത്ര നീണ്ടു പോയേക്കും. ഇതൊടാനുബന്ധിച്ച് തന്നെ സീസൺ ആയതോടെ ടിക്കറ്റ് നിരക്കും ഉയരുമെന്ന് ട്രാവൽസ് മേഖലകളിൽ ഉള്ളവർ പറയുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക