ഇറ്റാനഗര്‍: സൈനിക ഹെലികോപ്റ്റർ അപകടം. രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ച് സൈന്യം. ലഫ്. കേണല്‍ വി.വി.ബി.റെഡ്ഡി, മേജർ എ. ജയന്ത് എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെയാണ് മൻഡാല മലനിരകൾക്കു സമീപം സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.
അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിലെ സാംഗെ ഗ്രാമത്തിൽ നിന്ന് അസമിലെ സോനിത്പൂർ ജില്ലയിലെ മിസമാരിയിലേക്ക് പോയ ഹെലികോപ്റ്ററാണ് തകർന്നു വീണത്. രാവിലെ ഒൻപതിന് പുറപ്പെട്ട കോപ്റ്ററുമായി എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ബന്ധം 9.15ഓടെ ബന്ധം വിച്‌ഛേദിക്കപ്പെട്ടു. തുടർന്ന് മന്‍ഡാല മലനിരകളിൽ ഹെലികോപ്റ്റർ തകർന്നതായി സ്ഥിരീകരിക്കുകയായിരുന്നു.