ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി താൻ പറഞ്ഞതായി വന്ന വാർത്ത വ്യാജമെന്ന് നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെ. മോദിയെ നൊബേലിനു പരിഗണിക്കുന്നതായി ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ തോജെ പറഞ്ഞതായി ഒരു ദേശീയ ഇംഗ്ലിഷ് ടിവി ചാനലാണ് വാർത്ത നൽകിയത്. തൊട്ടുപിന്നാലെ ഇത് അവലംബമാക്കി മറ്റു മാധ്യമങ്ങളും വാർത്ത നൽകി.
ഇതിനിടെ, മോദി സമാധാന മൊബേൽ പട്ടികയിൽ ഉണ്ടെന്നതു സംബന്ധിച്ച് ഒരു ട്വീറ്റും വൈറലായി. 15 ലക്ഷത്തോളം പേരാണ് ഈ ട്വീറ്റ് കണ്ടത്. നിരവധി പേർ ഇത് റീട്വീറ്റും ചെയ്തു. നൊബേൽ സമിതിയുടെ ഡപ്യൂട്ടി ലീഡർ എന്ന നിലയിലല്ല തന്റെ ഇന്ത്യൻ സന്ദർശനമെന്നും ഇന്റർനാഷനൽ പീസ് ആൻഡ് അണ്ടർസ്റ്റാൻഡിങ് ഡയറക്ടർ എന്ന നിലയിലും ഇന്ത്യ സെന്റർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടുമാണ് താൻ ഇന്ത്യയിലെത്തിയതെന്നും തോജെ വിശദീകരിച്ചു.
ഇംഗ്ളീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ
പറയപ്പെട്ടതിലെ ഒരു വാക്ക് മാത്രം എടുത്താണ് മോഡിയാണ് സമാധാന നൊബേലിനുള്ള ഏറ്റവും വലിയ മത്സരാർത്ഥി എന്ന് അഭിമുഖം നടത്തിയ ചാനൽ തന്നെ റിപ്പോർട്ട് ചെയ്തത്. ടൈംസ് നൗ എഡിറ്റർ രാഹുൽ ശിവശങ്കർ മോഡി പുരസ്‌കാരത്തിനുള്ള ‘ഏറ്റവും വലിയ മത്സരാർത്ഥി’ ആണെന്ന തെറ്റായ ഉദ്ധരണി ട്വീറ്റ് ചെയ്തു. ഇതാണ് പലരും പിന്നട് മോഡിക്ക് നൊബേൽ സമാധാന പുരസ്‌കാര സാധ്യത എന്ന തരത്തിൽ പ്രചരിപ്പിച്ചത്.