ജിദ്ദ: ജിദ്ദ ഇവന്റ്സ് കലണ്ടറിന്റെ 2023 ലെ ലോഞ്ച് പ്രഖ്യാപനം ജിദ്ദ ഗവർണറേറ്റിലെ നാഷണൽ കലണ്ടർ കമ്മിറ്റി ചെയർമാൻ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ നടത്തി. കഴിഞ്ഞ വർഷത്തെ ജിദ്ദ സീസണിലെ മികച്ച വിജയത്തിന് പിന്നാലെ ഈ വർഷവും തനതായതും വ്യതിരിക്തവുമായ രീതിയിൽ പ്രവർത്തനങ്ങൾ നടക്കുമെന്ന് രാജകുമാരൻ പറഞ്ഞു.
“വർഷം മുഴുവനും പരസ്പരം ഒരുമിച്ച്” എന്ന മുദ്രാവാക്യത്തിന് കീഴിലാണ് പരിപാടികൾ അരങ്ങേറുന്നത്. 2023 അവസാനം വരെ, വർഷം മുഴുവനും അരങ്ങേറുന്ന പരിപാടികളുടെ ഗംഭീരമായ ഒരു നിര തന്നെ ഇവന്റസ് കലണ്ടറിൽ ഉണ്ടാകും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അഭിരുചിക്ക് അനുസൃതമായി ജിദ്ദ ഇവന്റ്സ് 2023 വർഷത്തിലുടനീളം തുടരുമെന്ന് പ്രിൻസ് അബ്ദുല്ല പറഞ്ഞു. ആഭ്യന്തര, വിദേശ സന്ദർശകരെ ആകർഷിക്കും വിധമുള്ള പരിപാടികളായിരിക്കും അരങ്ങേറുക. .
നിരവധി അന്താരാഷ്‌ട്ര, സാംസ്‌കാരിക, മറൈൻ ഫെസ്റ്റിവലുകളും പരിപാടികളും ഉൾപ്പെടുന്നതാണ് വർഷത്തെ പരിപാടികൾ. ഇവയുടെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അബ്ദുല്ല രാജകുമാരൻ പറഞ്ഞു. വിനോദ വ്യവസായത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ ഇവന്റുകൾ രാജ്യത്ത് ആദ്യമായി നടത്തുന്നതാണ്. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സംസ്കാരം, നാഗരികത, പൈതൃകം, സാമൂഹികവും സാമ്പത്തികവുമായ സ്വാധീനമുള്ള ടൂറിസ്റ്റ് സൈറ്റുകൾ എന്നിവയെ പരിചയപ്പെടുത്തുന്നതിനും ഈ പരിപാടികൾ സഹായിക്കും.
വിവിധ തരത്തിലുള്ള ഉത്സവങ്ങളിലൂടെ വിവിധ പ്രായത്തിലുള്ള സന്ദർശകർക്ക് അനുയോജ്യമായ വൈവിധ്യവും നൂതനവുമായ ഇവന്റുകൾ സൃഷ്ടിക്കുന്നതിനും ജിദ്ദയുടെ തീരദേശ സ്വഭാവം അനുകരിക്കുന്നതിനും ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്നതിനും ജിദ്ദ ഇവന്റ്സ് നിരവധി പ്രാദേശിക, ദേശീയ, അന്തർദേശീയ കമ്പനികളെ ആകർഷിച്ചിട്ടുണ്ടെന്നും അബ്ദുല്ല രാജകുമാരൻ അറിയിച്ചു. ജിദ്ദ കലണ്ടർ ഓഫ് ഇവന്റ്സിന്റെ പ്രവർത്തനങ്ങൾ വർഷം മുഴുവനും വ്യാപിപ്പിക്കുന്നത് രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകർക്ക് അതുല്യവും അവിസ്മരണീയവുമായ അനുഭവം സമ്മാനിക്കുമെന്ന് അബ്ദുല്ല രാജകുമാരൻ പറഞ്ഞു.