ഇസ്‌ലാമിലെ അനന്തരാവകാശ നിയമം പ്രായോഗികം: വെളിച്ചം സംഗമം

ജിദ്ദ: ഇസ്‌ലാമിലെ അനന്തരാവകാശ നിയമം പ്രായോഗികവും പെൺകുട്ടികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പു വരുത്തുന്നതുമാണെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ പ്രബോധകനും അൽ ഹുദാ മദ്രസാ പ്രിൻസിപ്പലുമായ ലിയാഖത് അലി ഖാൻ പറഞ്ഞു. ശരീഅത്ത് നിയമവും അനന്തരാവകാശ നിയമവും ബാധകമാകുന്നത് വിശുദ്ധ ഖുർആനും പ്രവാചക ചര്യയുമനുസരിച്ച്‌ ജീവിക്കുന്നവർക്കാണ്. വിശുദ്ധ ഖുർആനിലെ നിയമം അംഗീകരിക്കാൻ മുസ്‌ലിംകൾ ബാധ്യസ്ഥരാണ്. ഖുർആൻ അനുസരിച്ചു ജീവിക്കുന്നവർക്ക് അതിലെ നിയമങ്ങൾ ബാധകമാണെന്നും അല്ലാത്തവർക്ക് അത് തിരസ്കരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം വിമർശകർ വാർത്തകളിൽ ഇടം പിടിക്കാൻ കാണിക്കുന്ന വ്യഗ്രത അപഹാസ്യവും അർത്ഥ ശൂന്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വെളിച്ചം’ ഖുർആൻ ഓൺലൈൻ പഠന പദ്ധതിയുടെ നാലാം ഘട്ട ക്യാമ്പയിൻ വിജയികൾക്കുള്ള ജിദ്ദ ഏരിയാതല സമ്മാനദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷയിൽ വിജയികളായ ഹസീന അറക്കൽ, നിഷാത്ത്, അദീബ, ജുമൈല മുഹമ്മദ്, ഫബീല നവാസ്, റിനു പി.സി, അബ്ദുന്നാസർ മലബാരി, ഷംസീർ മണ്ണിശ്ശേരി, ഷക്കീൽ ബാബു, ഹംസ നിലമ്പൂർ, മുഹമ്മദ് വി.കെ എന്നിവർ സമ്മാനങ്ങൾ ഏറ്റു വാങ്ങി,

ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ അബ്ദുൽ ഗഫൂർ വളപ്പൻ, സലാഹ് കാരാടൻ, അബ്ദുൽ ഗനി, അബ്ദുൽ ജലീൽ സി.എച്ച്, ജരീർ വേങ്ങര, ഐവോ ഭാരവാഹികളായ ഷമിയത് അൻവർ, സംറ മൻസൂർ, ബരീറ അബ്ദുൽ ഗനി, നസീമ ബഷീർ, സക്കീന, ജബീന എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി ഷക്കീൽ ബാബു സ്വാഗതവും വെളിച്ചം അസി. കൺവീനർ ഉസ്മാൻ കോയ നന്ദിയും പറഞ്ഞു.