ഓൺലൈനിലൂടെ പണം നഷ്ട്ടപ്പെട്ടന്ന പരാതിയുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ

0
1444

ചെന്നൈ: ഓൺലൈനിലൂടെ പണം നഷ്ട്ടപ്പെട്ടന്ന പരാതിയുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. ഒരുലക്ഷം രൂപയാണ് അവര്‍ക്ക് നഷ്ടമായത്. മൊബൈലിലേക്ക് വന്ന എസ്.എം.എസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് കബളിപ്പിക്കപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.

ബാങ്കുകള്‍ അയക്കുന്ന അതേ രീതിയില്‍ത്തന്നെയാണ് ലഭിച്ച സന്ദേശമെന്ന് നഗ്മ പറഞ്ഞു. ലിങ്കില്‍ ക്ലിക്ക് ചെയ്ത് അധികം താമസിക്കാതെ ഒരാളുടെ കോള്‍ വന്നു. കെ.വൈ.സി അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ താന്‍ ഒരു വിവരവും പങ്കുവെച്ചിട്ടില്ലെന്ന് നടി പറഞ്ഞു. ഒന്നിലേറെ ഒ.ടി.പികള്‍ ലഭിച്ചെന്നും ഭാഗ്യം കൊണ്ട് വലിയ തുക നഷ്ടമായില്ലെന്നും നഗ്മ മാധ്യമങ്ങളെ അറിയിച്ചു.

മുംബൈ സൈബര്‍ ക്രൈം പോലീസിലാണ് നഗ്മ പരാതി നല്‍കിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവതാരക ശ്വേതാ മേമന് അമ്പത്തേഴായിരം രൂപയാണ് സമാനമായ രീതിയില്‍ നഷ്ടമായത്. ഇവര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാന്‍ ഒ.ടി.പി വേണമെന്ന് ആവശ്യപ്പെട്ട് കോള്‍ വരികയായിരുന്നു ശ്വേതയ്ക്ക്. ഒ.ടി.പി കൊടുത്തതും പണം നഷ്ടമായെന്ന സന്ദേശമാണ് വന്നതെന്ന് ശ്വേത നല്‍കിയ പരാതിയില്‍ പറയുന്നു.