നാഗാലാൻഡ് ബിജെപി-എൻസിപി സഖ്യം പ്രത്യാഘാതമുണ്ടാക്കുക കേരളത്തിൽ; എൽഡിഎഫ് മന്ത്രിസഭയിൽ നിന്നും എൻസിപി പുറത്തേക്കോ?

0
1633

ന്യൂഡൽഹി: നാഗാലാന്‍ഡില്‍ ബിജെപി – എന്‍ഡിപിപി സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി)യുടെ തീരുമാനം കേരളത്തിലും പ്രത്യാഘാതമുണ്ടാക്കും. നിലവില്‍ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ എന്‍.സി.പിക്ക് രണ്ട് എം.എല്‍.എമാരും ഒരു മന്ത്രിയുമാണ് ഉള്ളത്. ശരദ് പവാറിന്റെ പുതിയ നിലപാട് കേരളത്തിലെ മന്ത്രിസഭയില്‍ നിന്നും എന്‍.സി.പി മന്ത്രി എ.കെ ശശീന്ദ്രന്റെ പുറത്താകലിലാണ് കലാശിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്‍.സി.പി നേതാവായി ഒരിക്കലും പിണറായി മന്ത്രിസഭയില്‍ തുടരാന്‍ ശശീന്ദ്രന് കഴിയുകയില്ല. അതു പോലെ തന്നെ ഇടതുപക്ഷ മുന്നണിയില്‍ നിന്നും എന്‍.സി.പി പുറത്താകും. ഇനി ശശീന്ദ്രനും സംഘത്തിനും മുന്നിലുള്ള ഏക മാര്‍ഗ്ഗം പാര്‍ട്ടി മാറുക എന്നതു മാത്രമാണ്. പുതിയ പാര്‍ട്ടി ഉണ്ടാക്കുകയോ അതല്ലങ്കില്‍ കോണ്‍ഗ്രസ്സ് എസ്സില്‍ ലയിക്കുകയോ വേണമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. അങ്ങനെ സംഭവിച്ചാലും മന്ത്രിയായി തുടരാനും ഇടതുമുന്നണിയില്‍ ചേക്കേറാനും സി.പി.എം – സി.പി.ഐ നേതൃത്വങ്ങള്‍ കനിയേണ്ടതുണ്ട്. വിശ്വാസ്യത നഷ്ടപ്പെട്ട പാര്‍ട്ടിയുടെ നേതാക്കള്‍ പാര്‍ട്ടി മാറി വന്നാലും അത് ഇടതുപക്ഷത്തിന് മോശം ഇമേജാണ് സൃഷ്ടിക്കുക.

ബി.ജെ.പിയുമായി കൂട്ട് കൂടുന്നവരുമായി ഒരു സഖ്യമെന്നത് സി.പി.എമ്മിനും സി.പി.ഐക്കും ദഹിക്കാത്ത കാര്യമാണ്. അതു കൊണ്ട് തന്നെ എത്രയും പെട്ടന്ന് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് തീരുമാനവും കൈ കൊളേണ്ടി വരും. എന്‍.സി.പി. ഇടതുമുന്നണിയില്‍ നിന്നും പുറത്തായാല്‍ നഷ്ടം ആ പാര്‍ട്ടിക്കു മാത്രമായിരിക്കും. കാരണം, ഒരു പഞ്ചായത്ത് അംഗത്തെ ജയിപ്പിക്കാനുള്ള പിന്തുണ പോലും കേരളത്തില്‍ ആ പാര്‍ട്ടിക്ക് നിലവിലില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ, പ്രത്യേകിച്ച്‌ സി.പി.എമ്മിന്റെ പിന്തുണ കൊണ്ടു മാത്രമാണ് എന്‍.സി.പി സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ വിജയിക്കുന്നത്.

നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ഭാഗമാകണമെന്ന അവിടുത്തെ സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശമാണ് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ അംഗീകരിച്ചിരിക്കുന്നത്. ‌അതേസമയം, ബിജെപി-എന്‍ഡിപിപി ഭരണസഖ്യത്തില്‍ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഉടന്‍ അതും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ നടന്ന നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റുകളില്‍ ഏഴും നേടിയ എന്‍സിപി, മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ അപേക്ഷിച്ച്‌ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ബാക്കിയുള്ള അഞ്ച് സ്ഥാനാര്‍ഥികളും മികച്ച വോട്ടുകളും നേടിയിരുന്നു. മാര്‍ച്ച്‌ 4 ന് കൊഹിമയില്‍ നടന്ന എന്‍സിപിയുടെ ആദ്യ നിയമസഭാ കക്ഷി യോഗത്തില്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ഭാഗമാകണമോ, അതോ പ്രധാന പ്രതിപക്ഷ സ്ഥാനം വഹിക്കണോ എന്നതിനെ കുറിച്ചും ചര്‍ച്ച നടന്നിരുന്നു.

സംസ്ഥാനത്തിന്റെ വിശാലതാല്‍പ്പര്യത്തിനും എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുമായുള്ള ബന്ധത്തിന്റെയും അടിസ്ഥാനത്തില്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ഭാഗമാകണമെന്ന അഭിപ്രായമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്കും പ്രാദേശിക ഘടകത്തിനും ഉണ്ടായിരുന്നത്. തുടര്‍ന്ന് തീരുമാനം ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് വിട്ടുകൊടുക്കുകയായിരുന്നു. നാഗാലാന്‍ഡിലെ ബി.ജെ.പി സഖ്യത്തിന്റെ ഭാഗമായാലും കേരളത്തില്‍ ഇടതുപക്ഷത്ത് നിന്നും പുറത്താകില്ലന്ന പ്രതീക്ഷയിലാണ് ശരദ് പവാര്‍ ഉള്ളത്. അതിന് കാരണം, സി.പി.എമ്മിന്റെ ശാതുവായ കോണ്‍ഗ്രസ്സുമായി മഹാരാഷ്ട്രയില്‍ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍ തടസ്സമായിട്ടില്ല എന്നതാണ്. എന്നാല്‍ ഈ വാദം വിലപ്പോവില്ലന്നും, മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ്സല്ല, വര്‍ഗ്ഗീയ പാര്‍ട്ടിയായ ബി.ജെ.പിയെന്നാണ് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് തന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക