ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ കീഴിലുള്ള അൽഹുദ മദ്റസ വിദ്യാർഥികളുടെ കായികമേള ‘അൽഹുദ സ്പോർട്സ് മീറ്റ് 2023′ ഹയ്യസാമിറിലെ അൽ ദുർറ വില്ലയിൽ വെച്ച് നടന്നു. മദ്റസ വിദ്യാർഥികളുടെ കായിക രംഗത്തെ മികവ് വിളിച്ചറിയിക്കുന്നതായിരുന്നു ഓരോ മത്സരങ്ങളിലെയും പ്രകടനങ്ങൾ. നാല് ഹൗസുകളിലായി വിവിധ കാറ്റഗറികളിൽ 400 ലധികം വിദ്യാർഥികൾ പങ്കെടുത്ത മീറ്റിൽ റെഡ് ഹൗസ് ചാമ്പ്യന്മാരായി. ബ്ലൂ, ഗ്രീൻ ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അൽ ഹുദ പ്രിൻസിപ്പൽ ലിയാഖത് അലി വിജയികളെ അനുമോദിച്ചു സംസാരിച്ചു.
ബഡ്സ്, കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 50, 100 മീറ്റര്‍ ഓട്ടം, റിലേ, പെനാല്‍റ്റി ഷൂട്ടൗട്ട്, സാക് റെയ്‌സ്, ലമണ്‍ & സ്പൂണ്‍, ലമണ്‍ ഗാതെറിംഗ്, കാന്‍റ്റി ഗാതെറിംഗ്, ബോള്‍ പാസിംഗ്, റിംഗ് പാസിംഗ് തുടങ്ങി വിവിധ ഇനങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിച്ചു
മദ്റസ പാരൻറ്സ്’ ഫോറത്തിനായി നടത്തിയ പുരുഷന്മാരുടെ ഷൂട്ട് ഔട്ട് മത്സരവും വനിതകളുടെ റിങ് പാസിംഗ് മത്സരവും ആവേശകരമായി. വിവിധ ഹൗസുകളിലെ വിദ്യാർഥികളുടെ വർണ്ണാഭമായ മാർച്ച് പാസ്റ്റ് നയനാനന്ദകരമായിരുന്നു. മാർച്ച് പാസ്റ്റിന് ഹൗസ് ലീഡർമാർ നേതൃത്വം നൽകി. അൽഹുദ മദ്‌റസ പാരൻറ്സ് ഫോറത്തിന്റെയും മദേഴ്സ് ഫോറത്തിന്റെയും മാനേജ്മെന്റ് കമ്മിറ്റിയുടെയും ഭാരവാഹികൾ സല്യൂട്ട് സ്വീകരിച്ചു. വിജയികൾക്കുള്ള മെഡലുകൾ ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ സലാഹ് കാരാടൻ, അബ്ദുൽ ഗഫൂർ വളപ്പൻ, ഹംസ നിലമ്പൂർ, ജമാൽ ഇസ്മായിൽ, ജരീർ വേങ്ങര, പാരൻറ്സ്’ ഫോറം ഭാരവാഹികളായ സാജിത്, റഷാദ് കരുമാര, മുബാറക്, മദേഴ്സ് ഫോറം ഭാരവാഹികളായ അസ്ന, റഹീല, സീനത്ത്, ഷാനിബ, മുബീന, ഐവോ ഭാരവാഹികളായ ജുമൈല മുഹമ്മദ്, സിറിൻ ജമാൽ തുടങ്ങിയവർ വിതരണം ചെയ്തു.
കായിക മത്സരങ്ങൾക്ക് ഷക്കീൽ ബാബു, മൻസൂർ കെ.സി, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ, ഇഖ്ബാൽ മാസ്റ്റർ, ശിഹാബ്, അബു കട്ടുപ്പാറ, ഹിജാസ് കൊച്ചിൻ, മുഹമ്മദ് വളപ്പൻ, പ്രിൻസാദ് പാറായി, നാസർ സെയ്ൻ, നിഷാത്ത് ഷമീർ, സമ്ര മൻസൂർ, ഷാബിന അബു, ഷമിയത്ത് അൻവർ തുടങ്ങിയവർ നേതൃത്വം നൽകി.