ജിദ്ദ: സഊദി മന്ത്രിസഭയിൽ സുപ്രധാന മാറ്റങ്ങൾ. എൻജി. ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താനെ സ്റ്റേറ്റ് മന്ത്രിയായും മന്ത്രിസഭാ കൗൺസിൽ അംഗമായും നിയമിച്ചു.
സൽമാൻ രാജാവാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. സൽമാൻ ബിൻ യുസുഫ് അൽദോസരിയെ പുതിയ വാർത്താവിതരണ മന്ത്രിയായി നിയമിച്ചു.
ഹമൂദ് ബിൻ ബദാഹ് അൽ മുറൈഖിയെ മന്ത്രി പദവിയോടെ റോയൽ കോർട്ടിൽ ഉപദേശകനായി നിയമിച്ചു. ജനറൽ ഇൻറലിജൻസ് ഡെപ്യൂട്ടി ചീഫ് ആയി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ അമർ അൽഹർബി നിയമിതനായി. റകാൻ ബിൻ ഇബ്രാഹിം അൽതൗഖാണ് മുതിർന്ന റാങ്കിലുള്ള സാംസ്കാരിക സഹമന്ത്രി. ഡോ. അബ്ദുറഹ്മാൻ ബിൻ ഹമദ് അൽഹർകാനെ മുതിർന്ന റാങ്കിൽ സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഗവർണറായി നിയമിതനായി.
ഇസ്മാഈൽ ബിൻ സഇൗദ് അൽഗാംദിയെ മുതിർന്ന റാങ്കിൽ മാനവ വിഭവശേഷി സാമൂഹിക വികസന ഉപ മന്ത്രിയായി നിയമിച്ചു. വാർത്താവിതരണ മന്ത്രിയായി നിയമിതനായ സൽമാൻ ബിൻ യൂസുഫ് അൽദോസരി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് പത്ര ലേഖകനായാണ്. രാജ്യത്തെ നിരവധി മുൻനിര മാധ്യമങ്ങളുടെ ഉടമസ്ഥരായ സൗദി റിസർച്ച് ആൻഡ് മാർക്കറ്റിങ് ഗ്രൂപ്പിന് കീഴിലുള്ള ‘അൽ ഇക്തിസാദിയ’ പത്രത്തിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. 2011-ൽ അൽഇഖ്തിസാദിയയുടെ തലവനായി.
പിന്നീട് ‘അൽശർഖ് അൽഒൗസത്ത്’ എന്ന ദിനപത്രത്തിൽ ജോലി ചെയ്തു. 2014-ൽ ആ പത്രത്തിെൻറ ചീഫ് എഡിറ്ററായും ‘അൽമജല്ല’, ‘അർറജുൽ’ മാസിക എന്നിവയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. ‘അൽഅറബിയ, അൽഹദസ്’ ചാനലുകളുടെ എഡിറ്റോറിയൽ ബോർഡ് അംഗമായി. 2021-ൽ സൽമാൻ രാജാവ് കിങ് അബ്ദുൽ അസീസ് സെക്കൻഡ് ക്ലാസ് മെഡൽ നൽകി ആദരിച്ചു. മാനേജ്‌മെൻറ്, ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദം നേടിയ സൽമാൻ അൽദോസരി നിരവധി പ്രാദേശിക, അന്തർദേശീയ സംഭവങ്ങൾ കവർ ചെയ്യുകയും നിരവധി രാഷ്ട്രീയ ലേഖനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്.