ജിദ്ദ: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രാഷ്ട്ര ശിൽപ്പികൾ രൂപം കൊടുത്ത ഭരണ ഘടന സംരക്ഷിക്കുകയും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് പ്രൊഫ. എം. എച്ച്. ജവാഹിറുല്ല എം എൽ എ പറഞ്ഞു. അതിന് തമിഴ്നാട് മോഡൽ മാതൃകയാക്കണമെന്നും തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം പ്രസിഡന്റ്റും മണിതനിയ മക്കൾ കക്ഷി നേതാവുമായ അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ബി ജെ പി ക്കെതിരെ മതേതര പാർട്ടികൾ ഒന്നിച്ചു നിൽക്കണമെന്നും അങ്ങനെ ഒരുമിച്ചു നിന്നാൽ മതേതര ജനാധിപത്യ സർക്കാർ അധികാരത്തിൽ വരുമെന്നും എം എൽ എ കൂട്ടിച്ചേർത്തു. ഉംറ നിർവഹിക്കാനെത്തിയ അദ്ദേഹം ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള ഹാജിമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ്ജ് കോൺസലുമായി ചർച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു. മക്കയിൽ ഹാജിമാർക്ക് ആവശ്യമായ സൂചന ബോർഡുകളിൽ തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളും ഉൾപ്പെടുത്തണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടതായും
അദ്ദേഹം പറഞ്ഞു. തമിഴ്നാട് സർക്കാരിന്റെ ശ്രമ ഫലമായി ചെന്നൈ വിമാനത്താവളം ഈ വർഷത്തെ ഹജ്ജ് എംബർക്കേഷൻ പോയിന്റ് ആക്കിയത് തമിഴ് നാട്ടിലെ ഹാജിമാർക്ക് വലിയ ആശ്വാസമാണ്. കഴിഞ്ഞ വർഷം കൊച്ചി വഴിയായിരുന്നു തമിഴ് നാട്ടിൽ നിന്നുള്ള ഹാജിമാർ യാത്ര ചെയ്തിരുന്നത്. കേരള ഹജ്ജ് കമ്മിറ്റി തമിഴ്നാട് ഹാജിമാർക്ക് കൊച്ചി വിമാനത്താവളത്തിൽ മികച്ച സൗകര്യങ്ങൾ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഊദിയിൽ നിന്നും നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
