ബെംഗളൂരു: ബെംഗളൂരുവിൽ
വിവാഹത്തില്‍നിന്ന് പിന്മാറിയതിന് യുവതിയെ യുവാവ് നടുറോഡിലിട്ട് കുത്തിക്കൊന്നു.
ബെംഗളൂരു മുരുഗേഷപാളയയില്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ആന്ധ്രപ്രദേശ് കാക്കിനാഡ സ്വദേശിയായ ലീല പവിത്ര(28)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശി ദിനകറി(28)നെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ലീലയെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് യുവാവ് ആക്രമിച്ചത്. 16 തവണ പ്രതി യുവതിയെ കുത്തിയതായി പോലീസ് പറഞ്ഞു. മരണം ഉറപ്പാക്കിയശേഷം മൃതദേഹത്തിനൊപ്പമിരുന്ന ഇയാളെ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലപ്പെട്ട ലീലയും പ്രതിയായ ദിനകറും അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. അടുത്തിടെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയും വിവരം വീട്ടിലറിയിക്കുകയും ചെയ്തു. എന്നാല്‍ ലീലയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചില്ല. ദിനകര്‍ ഇതരജാതിയില്‍പ്പെട്ട ആളായതിനാലാണ് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നത്. മാത്രമല്ല, ദിനകറുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറണമെന്നും വീട്ടുകാര്‍ യുവതിയോട് ആവശ്യപ്പെട്ടു. ഇതോടെ ലീല ദിനകറുമായുള്ള ബന്ധത്തില്‍നിന്ന് പിന്‍വാങ്ങി.