ചക്കയ്ക്ക് കൊടുത്തത് 1.35 ലക്ഷം ! പഴക്കുലയ്ക്ക് 87,870; പ്രവാസികളുടെ ചക്ക, പഴം പ്രേമ വിശേഷം ഇങ്ങനെ

0
3224

അബുദാബി: കേരളത്തിൽ അധികമാർക്കും വേണ്ടാത്ത ചക്ക അബുദാബിയിൽ പ്രവാസി മലയാളികൾ ലേലം ചെയ്തെടുത്തത് 1.35 ലക്ഷം (6,000 ദിർഹം) രൂപയ്ക്ക്. മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന വാശിയേറിയ ലേലത്തിൽ അബുദാബി സാംസ്കാരിക വേദിയാണു വൻതുകയ്ക്ക് ചക്ക സ്വന്തമാക്കിയത്. ഫ്രണ്ട്സ് എഡിഎംഎസ് ആണ് ചക്ക സംഭാവന ചെയ്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10 ദിർഹത്തിൽ തുടങ്ങിയ ലേലത്തിൽ ആദ്യം 10 ഉം മുറുകിയപ്പോൾ 500 ഉം കൂട്ടിവിളിച്ചിട്ടും ജനം പിന്മാറിയില്ല. സമയപരിമിതി മൂലം രാത്രി പത്തരയോടെ 6,000 ദിർഹത്തിൽ അവസാനിപ്പിക്കുകയായിരുന്നു. സംഘടനകളും വനിതകൾ ഉൾപ്പെടെ വ്യക്തികളും ലേലത്തിൽ സജീവമായി പങ്കെടുത്തു.

ചക്ക ലേലത്തിൽ പിടിച്ച അബുദാബി സാംസ്കാരിക വേദി പ്രവർത്തകരുടെ ആഹ്ലാദം.

ആദ്യ ദിനത്തിൽ അരങ്ങ് സാംസ്കാരിക വേദി സംഭാവന ചെയ്ത പഴക്കുല 3900 ദിർഹത്തിന് (87870 രൂപ) അബുദാബി സാംസ്കാരിക വേദി തന്നെ ലേലത്തിൽ പിടിച്ചിരുന്നു. എതിരാളികളോട് മത്സരിച്ച് ലേലം പിടിക്കുക എന്നത് ടീം വികാരമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി സുരേഷ്കുമാർ പറഞ്ഞു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സമാജത്തിനെ പിന്തുണയ്ക്കുക എന്ന ലക്ഷ്യവും ഇതോടൊപ്പമുണ്ടായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക