സഊദിയിൽ സ്വദേശി പൗരന് പണം നഷ്ട്ടപ്പെട്ട കേസിൽ ജയിലിലായിരുന്ന മലയാളിയെ ജാമ്യത്തിൽ വിട്ടു

0
1879

റിയാദ്: സഊദിയിൽ സ്വദേശി പൗരന് പണം നഷ്ട്ടപ്പെട്ട കേസിൽ ജയിലിലായിരുന്ന പാലക്കാട് സ്വദേശിയെ നിരപരാധിയെന്ന് കണ്ട് കോടതി ജാമ്യത്തിൽ വിട്ടു.

അബഹയിലെ റിജാൽ അൽമയിൽ താമസിക്കുന്ന സൗദി പൗരൻ നൽകിയ പരാതിയെ തുടർന്നാണ് പാലക്കാട് പറളി സ്വദേശി അബ്ദുറശീദിന് റിയാദ് ക്രിമിനൽ കോടതി ജാമ്യം നൽകിയത്.

ഒരു വർഷം മുമ്പ് സൗദി പൗരന് നാഷണൽ ഇൻഫർമേഷൻ സെന്ററിൽ നിന്നാണെന്ന് പറഞ്ഞ് അജ്ഞാതർ വിളിക്കുകയും ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒടിപി ആവശ്യപ്പെടുകയും ചെയ്തു. അവർ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയതോടെ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 19,000 റിയാൽ മൂന്നു ഘട്ടമായി നഷ്ടപ്പെട്ടു.

പണം പോയതറിഞ്ഞതോടെ ഇദ്ദേഹം രിജാൽ അൽമാ പോലീസിൽ പരാതി നൽകി. പോലീസ് സെൻട്രൽ ബാങ്ക് വഴി നൽകിയ അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ പണം അറബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തതെന്ന് കണ്ടെത്തി.

വിളിച്ച ഫോൺ നമ്പർ ട്രാക്ക് ചെയ്തപ്പോൾ റിയാദിൽ ജോലി ചെയ്യുന്ന അബ്ദുറശീദിന്റെ ഇഖാമയിൽ എടുത്ത മൊബൈൽ നമ്പറായിരുന്നു. തുടർന്ന് കേസ് റിയാദ് അൽഖലീജ് പോലീസിലേക്ക് മാറ്റി. അൽഖലീസ് പോലീസ് അബ്ദുറശീദിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു.

അബ്ദുറശീദിനും എഎൻബിയിൽ അക്കൗണ്ടുണ്ടായിരുന്നു. വീണ്ടും പോലീസ് സ്‌റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ അദ്ദേഹം അതിന് മറുപടി നൽകിയില്ല. തുടർന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഇന്ത്യക്കാരനാണ് തന്നെ വിളിച്ചതെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ആയതെന്നും അതിനാൽ പണം തിരിച്ചുകിട്ടണമെന്നും ഇദ്ദേഹത്തെ ശിക്ഷിക്കണമെന്നുമാണ് സൗദി പൗരൻ പബ്ലിക് പ്രോസിക്യൂഷനിൽ ആവശ്യപ്പെട്ടിരുന്നത്.

താൻ ആരുടെയും പണം തട്ടിയെടുത്തിട്ടില്ലെന്നും തന്റെ അക്കൗണ്ടിൽ ആരുടെയും പണം എത്തിയിട്ടില്ലെന്നും തന്റെ ശമ്പളമല്ലാത്ത മറ്റൊരു പണവും അക്കൗണ്ടിലില്ലെന്നും അബ്ദുറശീദ് കോടതിയിൽ പറഞ്ഞു.

അബ്ദു റശീദ് ആണ് തന്നെ വിളിച്ചതെന്നും പണം റശീദിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്നും സ്ഥിരീകരിക്കാൻ എതിർ കക്ഷിക്കായില്ല. തുടർന്ന് റശീദിനെ ജാമ്യത്തിൽ വിടുകയായിരുന്നു. കേസിൽ ഇന്ത്യൻ എംബസി വളണ്ടിയറും റിയാദ് കെഎംസിസി വെൽഫയർ വിംഗ് ചെയർമാനുമായ സിദ്ദീഖ് തുവ്വൂരും പാലക്കാട് കെഎംസിസി നേതാക്കളും വിവിധ ഘട്ടങ്ങളിൽ റശീദിന് സഹായത്തിനുണ്ടായിരുന്നു.