ടെൽഅവീവ്: സഊദി അറേബ്യക്ക് ശേഷം ഒമാന്റെ ആകാശത്തിന് മുകളിലൂടെ പറക്കുന്ന ഇസ്‌റാഈൽ വിമാനം എൽ ആലിന്റെ ആദ്യത്തെ വാണിജ്യ വിമാനം ഞായറാഴ്ച പറക്കും. ഒമാൻ-സഊദി വ്യോമ ഇടനാഴിക്ക് മുകളിലൂടെ ആദ്യ ഇസ്‌റാഈൽ വിമാനം ഇസ്റാഈലിലെ ടെൽ അവീവ് ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലേക്ക് ആണ് പറക്കുന്നത്. ഇതോടെ, ഇസ്റാഈൽ വിമാനകമ്പനിക്ക് മൂന്ന് മണിക്കൂർ ലാഭിക്കാനാകും. നേരത്തെ 11 മണിക്കൂർ ആയിരുന്നു ടെൽ അവീവ് – ബാങ്കോക് വിമാനത്തിന്റെ ദൈർഘ്യം. ഇപ്പോൾ 8 മണിക്കൂർ മാത്രം മതിയാകും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തിന്റെ വ്യോമാതിർത്തിക്ക് മുകളിലൂടെ പറക്കുന്നതിന് ഒമാൻ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് വിമാനത്തിന് ഔദ്യോഗിക അനുമതി ലഭിച്ചതായി ഇസ്‌റാഈൽ വിമാനകമ്പനി എൽ അൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്റാഈയൽ വിമാനങ്ങൾ ഉൾപ്പെടെ എല്ലാ എയർലൈനുകളുടെയും വിമാനങ്ങൾ തങ്ങളുടെ പ്രദേശത്തിന് മുകളിലൂടെ പറക്കാൻ അനുവദിക്കുമെന്ന് സുൽത്താനേറ്റ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
ബോയിംഗ് 787 ആണ് ഇത് വഴി ഇസ്റാഈലിൽ നിന്ന് പറക്കുക. ഒമാൻ വ്യോമ പാത തുറന്നതോടെ ഇസ്റാഈലിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ യാത്രാ സമയവും ഗണ്യമായി കുറയും. നേരത്തെ എട്ട് മണിക്കൂർ ആയിരുന്നു ഇസ്റാഈലിൽ നിന്ന് ഇന്ത്യയിലേക്ക് ഉണ്ടായിരുന്നതെങ്കിൽ ഒമാൻ വ്യോമ പാത തുറന്ന് നൽകിയതോടെ അഞ്ചര മണിക്കൂർ ആയി കുറയും. അതെ സമയം, നിലവിൽ വിമാന ടിക്കറ്റ് നിരക്കിൽ കുറവ് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, സമീപഭാവിയിൽ ഇത് പരിഗണിക്കുമെന്നും യാത്രക്കാർക്ക് യഥാർത്ഥ കിഴിവ് അനുഭവപ്പെടാമെന്നും എവിയേഷൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക