അറിയാത്ത ഭാവത്തിൽ തുപ്പും, തുടച്ചും തരും, ഒപ്പം പഴ്സ് അടിച്ചു മാറ്റും; റിയാദിൽ തട്ടിപ്പും കവർച്ചയും തുടർകഥ, ഇരയായവരിൽ നിരവധി മലയാളികളും – വീഡിയോ

0
3419

വലിയ വെട്ടുകത്തി വീശി മലയാളിയുടെ ബാഗും കവർന്നു

റിയാദ്: റിയാദിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പുകളും പിടിച്ചു പറിയും വ്യാപകമായി തുടരുന്നു. വിജനമായ നിരത്തുകളില്‍ ഒറ്റപ്പെട്ടു വരുന്ന വിദേശികളെ പിന്തുടര്‍ന്ന് കൊള്ളയടിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ഇതിനിടയിൽ പോക്കറ്റിക്കാരുടെ തുപ്പൽ തട്ടിപ്പ് വീണ്ടും അരങ്ങു വാഴുന്നുമുണ്ട്. കഴിഞ്ഞ ദിവസവും ഇവിടെ മലയാളിയുടെ കീശയിൽനിന്ന് ഇത്തരത്തിൽ തുപ്പൽ നാടകം നടത്തി വൻ തുക കവർന്നു. റിയാദിലെ റയാൻ ആശുപത്രി ഭാഗത്ത് നിന്നും നടന്നു വരുന്നതിനിടെയാണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളിയായ മുഹമ്മദ്‌ മുണ്ടേരി എന്നയാളാണ് കവർച്ചക്ക് ഇരയായത്. നടന്നു വരുന്നതിനിടെ യമൻ പൗരൻ എന്ന് തോന്നിക്കുന്ന അറബ് വംശജൻ ശരീരത്തിൽ തുപ്പുകയും പിന്നീട് ഖേദം പ്രകടിപ്പിച്ച് അത് തുടച്ചുകളയാനെന്ന വ്യാജേന അടുത്തുകൂടി കീശയിൽനിന്ന് പഴ്സ് കവരുകയുമായിരുന്നു. ബത്ഹ കേരളമാർക്കറ്റിന്റെ ഓരോ സ്പന്ദനവും അറിയുന്ന ഇദ്ദേഹം തന്നെ ഇത്തരം തട്ടിപ്പിൽ പെട്ടത് ഏവരെയും ഞെട്ടിക്കുന്നുണ്ട്. പഴ്സിൽ ഉണ്ടായിരുന്ന 1300 റിയാലും ഇഖമയും നഷ്ടപ്പെട്ടിട്ടുണ്ട്.

സമാനമായ സംഭവം ദിവസങ്ങൾക്കു മുമ്പ് മറ്റൊരു മലയാളിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, കയ്യോടെ പിടികൂടിയതോടെ ഇദ്ദേഹത്തിന് ഒന്നും നഷ്ടപ്പെട്ടില്ല. ലുലുവിൽ നിന്ന് നടന്ന് സഫ മക്കയുടെ കോർണ്ണറിൽ നിന്ന് പോക്കറ്റിൽ കൈ ഇട്ട സമയത്ത് കൈ പിടിച്ച പാടെ കള്ളൻ കേരള മാർക്കറ്റിന്റെ ഗല്ലിയിലെക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ഭാഗ്യവശാൽ ഒന്നും നഷ്ടപ്പെട്ടില്ല. മാസങ്ങൾക്ക് മുമ്പ് ഫൈ ബിൽഡിംങ്ങ് സമീപം നടന്ന് പോകുന്ന ഒരു തമഴിൻന്റെ കാൽ വെച്ച് തള്ളി ഇട്ടും കവർച്ച ശ്രമം നടന്നിരുന്നു.

ഒരാഴ്ച മുമ്പ് കോഴിക്കോട് സ്വദേശിക്കും സമാനമായ ദുരനുഭവം ഉണ്ടായി. ഫെബ്രുവരി 10 ന് സഊദിയിൽ എത്തിയ ഇദ്ദേഹത്തിന് റിയാദ് മെട്രോ പ്രൊജക്റ്റിലായിരുന്നു ജോലി. രാത്രി ജോലി കഴിഞ്ഞ് രാവിലെ 5 മണിക്ക് ബത്ഹയിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള സ്ഥലത്ത് വാഹനത്തിന് വേണ്ടി കാത്ത് നിൽക്കുമ്പോൾ ഒരാൾ വന്ന് എന്റെ അടുക്കൽ വന്ന് ബാഗിന് പിടിക്കുകയും പെട്ടെന്ന് തന്നെ ഒരു വലിയ വെട്ടുകത്തി വീശുകയും ബാഗ് പിടിച്ചു പറിച്ചു കൊണ്ടുപോവുകയും ചെയ്തു. പാസ്പോർട്ട്‌ ഉൾപ്പെടെയുള്ള രേഖകൾ സംഭവത്തിൽ നഷ്ടപ്പെട്ടു.

ഇത്തരത്തിൽ നിരവധി കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പകല്‍ സമയങ്ങളിലും അതിരാവിലെയും ഏറെ നേരം വൈകിയും ജോലിക്ക് പോകുന്നവരെയും നടന്നു പോകുന്നവരെയും ലക്ഷ്യമാക്കിയാണ് കവർച്ച സംഘം വിഹരിക്കുന്നത്. ഈ സമയങ്ങളിൽ കടകളെല്ലാം അടച്ചു ഒറ്റപ്പെട്ടു നില്‍ക്കുമ്പോള്‍ പുറത്തിറങ്ങുന്നവരെയാണ് കവർച്ചക്കാർ ലക്ഷ്യമിടുന്നത്. ഒറ്റയാളായും രണ്ടും മൂന്നും അംഗങ്ങളുള്ള അക്രമി സംഘമായും ഇത്തരം ഒറ്റപ്പെട്ടു വരുന്ന ആളുകളെ കൊള്ളയടിക്കുന്നത്. എല്ലാവരും ജാഗ്രത പുലർത്തണമെന്നാണ് വിവിധ സംഭവങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. വീഡിയോ കാണാം 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക