ഹകീം ഫൈസി സി ഐ സിയിലെ സ്ഥാനങ്ങൾ രാജിവെക്കും

0
2310

മലപ്പുറം: ഹകീം ഫൈസി ആദൃശ്ശേരി സി ഐ സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് നടന്ന കൂടിക്കാഴ്ചയിലാണ് ഹകീം ഫൈസിയുടെ രാജി ആവശ്യം ഉയര്‍ന്നത്. സമസ്ത ഇ കെ വിഭാഗം നേതാക്കള്‍ക്കു പുറമെ ആബിദ് ഹുസൈന്‍ എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നതായാണ് വിവരം.

ഹക്കീം ഫൈസി സിഐസി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുന്നതുവരെ സിഐസി സ്ഥാപനങ്ങളുമായി സഹകരിക്കേണ്ടതില്ലെന്ന് സമസ്ത നിലപാടെടുത്തിരുന്നു. സിഐസി സെക്രട്ടറി സ്ഥാനം ഒഴിയാൻ ഹക്കീം ഫൈസിയോട് പ്രസിഡന്റായ സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതായാണ് സൂചന.

സമസ്ത യുവനേതാക്കളുടെ വിലക്കിനുശേഷം ‘വാഫി’ പരിപാടിയിൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കൊപ്പം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വേദി പങ്കിട്ടിരുന്നു. കോഴിക്കോട് നാദാപുരത്ത് വാഫി സ്ഥാപനങ്ങളുടെ ശിലാസ്ഥാപന- ഉദ്ഘാടന ചടങ്ങുകളിലാണ് തങ്ങൾ പങ്കെടുത്തത്. നേതാക്കളും പ്രവർത്തകരും ഹക്കീം ഫൈസിയുമായി വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന് സമസ്ത യുവനേതൃത്വത്തിന്റെ നിർദേശം വന്നു മണിക്കൂറുകൾക്കു ശേഷമായിരുന്നു പരിപാടി

സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെയും ആദർശവിരുദ്ധ പ്രചാരണങ്ങളുടെയും പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അച്ചടക്കനടപടി സ്വീകരിച്ച അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടനാ നേതാക്കളും പ്രവർത്തകരും വേദി പങ്കിടരുതെന്ന് വാർത്താകുറിപ്പിൽ പറയുന്നു. ഹകീം ഫൈസിയുമായി സഹകരിക്കുകയോ പരിപാടികളിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ടായിരുന്നു.