ഭർത്താവിന്റെ മരണത്തിനു കാരണകരായ കൊള്ളപ്പലിശക്കാർക്കെതിരെ നിയമ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മലയാളി യുവതി

0
4535

മനാമ: ഭർത്താവിന്റെ മരണത്തിനു കാരണകരായ കൊള്ളപ്പലിശക്കാർക്കെതിരെ നിയമ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മലയാളി യുവതി.

ബഹ്റൈനിലെ മനാമയിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് ഹൗസിൽ രാജീവൻ പച്ചാട്ടിന്റെ (40) ആത്മഹത്യക്ക് ഉത്തരവാദിയായ മലയാളിക്കെതിരെയാണ് ഭാര്യ പി.എം. സിംജിഷ ഇന്ത്യൻ, ബഹ്റൈൻ അധികൃതർക്ക്  പരാതി നൽകിയത്.

കഴിഞ്ഞ വർഷം ഒക്ടോബർ 26ന് വൈകിട്ടായിരുന്നു രാജീവനെ ഹമലയിലെ താമസ സ്ഥലത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ബഹ്റൈൻ മദീനത് ഹമദിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയിൽ നിന്നു വാങ്ങിയ പണത്തിന്റെ പലിശയുമായി ബന്ധപ്പെട്ട് മാനസിക സമ്മർദത്തിലാവുകയും ഒടുവിൽ ജീവനൊടുക്കുകയുമായിരുന്നു. പലിശക്കാരനും ബന്ധുവിനും ഇതുസംബന്ധിച്ച് വാട്സാപ്പിൽ ശബ്ദസന്ദേശമയച്ച ശേഷമായിരുന്നു മരണം.

കൂടുതൽ പണം തന്നില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് പലിശക്കാരൻ ഭീഷണിപ്പെടുത്തിയതായി രാജീവന്റെ ശബ്ദസന്ദേശത്തിലുണ്ട്. ‘എല്ലാം അവസാനിപ്പിക്കാൻ ഞാൻ തന്നെ വേണ്ടത് ചെയ്തോളാം. എന്റെ മരണത്തിനു ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും. എന്റെ മക്കള് തിന്നേണ്ടുന്ന പൈസ നിങ്ങളെടുത്തു. നിങ്ങളിൽ നിന്ന് വാങ്ങിയ പൈസയുടെ എത്രയോ ഇരട്ടി ഞാൻ തന്നു. നിങ്ങൾ പറഞ്ഞിടത്തൊക്കെ ഞാൻ പൈസ എത്തിച്ചു. അവസാനം എന്നെ നിങ്ങൾ പറ്റിച്ചു. ഞാൻ മരിച്ചാലെങ്കിലും എന്റെ പൈസ നിങ്ങൾ എന്റെ കുടുംബത്തിനു നൽകണം. അല്ലെങ്കിൽ നിങ്ങളും നിങ്ങളുടെ മക്കളും തിന്നോളൂ. ഇനിയൊന്നും പറയാനില്ല’– ഇങ്ങനെയാണ് രാജീവന്റെ ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം. ഭാര്യ, നാലും ഒൻപതും വയസുള്ള രണ്ടു മക്കൾ, 76 വയസുള്ള പിതാവ്, 67 വയസുള്ള മാതാവ് എന്നിവരാണ് രാജീവനുള്ളത്. തനിക്ക് ജോലി പോലുമില്ലാത്തതിനാൽ കുടുംബത്തിന് ജീവിക്കാൻ വഴിയില്ലാതെ ദുരിതത്തിലാണെന്ന് സിംജിഷ പറഞ്ഞു. 

രാജീവൻ കൊള്ളപ്പലിശയ്ക്ക് വാങ്ങിയ ആകെ തുക എത്രയാണെന്ന് കൃത്യമായി അറിയില്ലെന്നു ബന്ധുക്കൾ മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഇതിന്റെ പലിശ പലപ്പോഴായി കൊ‌ടുത്തെങ്കിലും പലിശക്കാരൻ വീണ്ടും വീണ്ടും തുക ആവശ്യപ്പെട്ട് സമ്മർദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് മാനസിക സമ്മർദത്തിലായ രാജീവൻ ജീവനൊടുക്കുകയായിരുന്നു.