അറബ് രാജ്യങ്ങൾ ചുറ്റികറങ്ങാൻ മലയാളി ദമ്പതികൾ സഊദിയിൽ നിന്നും ബൈക്കിൽയാത്ര തിരിച്ചു

0
2875

ജിദ്ദ: അറബ് രാജ്യങ്ങൾ
ചുറ്റികറങ്ങാൻ മലയാളി ദമ്പതികൾ ജിദ്ദയിൽ നിന്നും ബൈക്കിൽയാത്ര തിരിച്ചു.

സഊദിയിൽ ബിസിനസ്​ ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ ഹാറൂന്‍ റഫീഖും ഭാര്യ ഡോ. ഫര്‍സയുമാണ്​ ബൈക്കിൽ​ ജിദ്ദയിൽനിന്ന്​ പുറപ്പെട്ടത്​. ​
ബംഗളുരുവിൽ സ്ഥിരതാമസമാക്കിയ ഹാറൂന്‍ റഫീക് കോഴിക്കോട് സ്വദേശിയും ഡോ. ഫര്‍സ കാസര്‍കോട്​ സ്വദേശിനിയുമാണ്. യാത്ര മാധ്യമ പ്രവർത്തകൻ ഇബ്രാഹീം ശംനാട് ഫ്ലാഗ്​ ഓഫ് ചെയ്തു.

ജോര്‍ദാനിലെക്കാണ് ഇവരുടെ ആദ്യയാത്ര. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബൈക്കിലാണ് സൗദിഅറേബ്യയിലെ ചരിത്ര പ്രസിദ്ധങ്ങളായ ബദ്ര്‍, അല്‍ ഉല, മദായിൻ സാലിഹ്, ദുബ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ജോര്‍ദാനിലേക്ക് പ്രവേശിക്കുന്നതെന്ന് ഹാറൂന്‍ പറഞ്ഞു. അഖബയാണ് ജോര്‍ദാനില്‍ ആദ്യം സന്ദര്‍ശിക്കാന്‍ ഉദേശിക്കുന്ന സ്ഥലം. ബഹറൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യഘട്ട അറബ് രാജ്യസന്ദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഇവർ അറിയിച്ചു.

പെട്ര, ചാവുകടല്‍, ഖുര്‍ആനില്‍ പരാമര്‍ശിച്ച ഗുഹ, ജറാഷ്, മൗണ്ട് നെബു തുടങ്ങിയവ സന്ദര്‍ശിക്കും. ഇതിന് മുമ്പ് 2010-ല്‍ യൂറോപ്പിലെ വിവിധ രാഷ്​ട്രങ്ങളിലൂടെ കടന്നുപോകുന്ന ആല്‍പ്സ് പർവതങ്ങളിൽ ഇവർ യാത്ര നടത്തിയിരുന്നു. ജർമനി, ഓസ്ട്രിയ, ​സ്ലോവേനിയ, ഇറ്റലി എന്നീ രാജ്യങ്ങളായിരുന്നു ആ യത്രയില്‍ സന്ദര്‍ശിച്ചത്.

കൂടാതെ അമേരിക്കയും ന്യൂസിലന്‍ഡും തെക്കെ അമേരിക്കയും ബോസ്നിയ, ഹെര്‍സഗോവിന, ക്രൊയേഷ്യ, മോണ്ടിനെഗ്രോ, ഇറ്റലി, ഐസ്​ലാന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ 25-ാളം രാജ്യങ്ങള്‍ ഇവർ സന്ദര്‍ശിക്കുകയുണ്ടായി. ഓരോ യാത്രയും പുതിയ കാഴ്ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ജോര്‍ദാന്‍ സന്ദര്‍ശനം കഴിഞ്ഞ് മറ്റ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ പദ്ധതിയുള്ളതായി ഹാറൂന്‍ റഫീഖ് പറഞ്ഞു.