ദുരിത പ്രവാസത്തിന് വിരാമം; 12 വർഷത്തിനു ശേഷം ശർമ നാടണഞ്ഞു

0
1025

അൽഹസ: സാമ്പത്തിക പ്രയാസങ്ങൾ കാരണം 12 വർഷമായി നാട്ടിൽ പോകാനാവാതെ കഴിയുകയായിരുന്ന എഴുപത് വയസ്സ് പ്രായമുള്ള ആർ.എം ശർമയുടെ ദുരിത പ്രവാസത്തിന് വിരാമം. ഒ.ഐ.സി.സിയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം 
ഇദ്ദേഹം നാട്ടിലെത്തി.

മുപ്പത്തിയെട്ടു വർഷമായി അൽഹസയിൽ ആശാരിപ്പണി ചെയ്തു വരികയായിരുന്നു
ഉത്തർപ്രദേശ് ലക്‌നൗ സ്വദേശിയായ
ഇദ്ദേഹം.

മൂന്നര വർഷം മുമ്പ് അവിചാരിതമായി സ്‌പോൺസറുടെ മരണപ്പെട്ടു. തുടർന്ന് ഇഖാമ പുതുക്കാനാവാതെയും ജോലിയോ കൂലിയോ ഇല്ലാതെയും സുഹൃത്തുക്കളുടെ സഹായത്താൽ ജീവിതം തള്ളിനീക്കുന്നതിനിടയിൽ രണ്ടു വർഷം മുമ്പ് ഭാര്യ ജാനകി ദേവിയുടെ വേർപാടും ശർമയുടെ ജീവിതം കൂടുതൽ ദുഃഖപൂർണമാക്കി.

ഡയബറ്റിക്‌സ് അടക്കമുള്ള കലശലായ രോഗങ്ങളും ശർമയുടെ ജീവിതം വീണ്ടും ദുരിതത്തിലായി. ഡയബറ്റിക് രോഗം മൂർഛിക്കുകയും ഇടത്തെ പാദത്തിലുണ്ടായ മുറിവ് സാരമാവുകയും സ്വയമൊന്ന് എഴുന്നേറ്റ് നിൽക്കാൻ പോലുമാവാതെ വിഷമിച്ച് കഴിഞ്ഞിരുന്ന ശർമയെ സുഹൃത്ത് ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് അലി കണ്ടു.

തുടർന്ന്, ശർമയുടെ രണ്ടു വർഷമായി കാലാവധി തീർന്നിരിക്കുന്ന പാസ്‌പോർട്ട് പുതുക്കുന്നതിനും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനും സഹായം തേടി മുഹമ്മദ് അലി ബന്ധപ്പെട്ടു. ശേഷം, ശർമയെ ഇന്ത്യൻ എംബസിയിൽ നിന്നു സഹായം കിട്ടുമോ എന്നാരായുന്നതിനായി ഫെബ്രുവരി 10ന് അൽഹസയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ എംബസി കോൺസൽ പ്രകാശ് കുമാറിന്റെ മുമ്പിലെത്തിക്കുകയായിരുന്നു.

അവിടെയുണ്ടായിരുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകരും ഹസയിലെ എംബസി സർവീസ് വളണ്ടിയേഴ്‌സുമായ ഹസ ഒ.ഐ.സി.സി നേതാക്കൾ പ്രസാദ് കരുനാഗപ്പള്ളി, ഉമർ കോട്ടയിൽ, ശാഫി കുദിർ എന്നിവരുടെ ശ്രദ്ധയിൽ പെടുകയും കോൺസലർ പ്രകാശ് കുമാറുമായി ശർമയുടെ കാര്യത്തിൽ അടിയന്തരമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള വഴിതേടുകയും ചെയ്തു. കാര്യങ്ങൾ ബോധ്യപ്പെട്ട കോൺസലർ പ്രകാശ് കുമാർ പാസ്‌പോർട്ട് പുതുക്കുന്നത് കാലതാമസമുണ്ടാക്കുമെന്നതിനാൽ ശർമയ്ക്ക് തൽക്കാലം യാത്ര ചെയ്യുന്നതിന് എമർജൻസി സർട്ടിഫിക്കറ്റ് (ഔട്ട് പാസ്) റെഡിയാക്കിക്കൊടുക്കാമെന്ന് ഉറപ്പ് നൽകി. 

യാത്രാ രേഖകൾ കൈപ്പറ്റി തൊട്ടടുത്ത ദിവസം തന്നെ പ്രസാദ് കരുനാഗപ്പള്ളി ശർമയെ ഡീപോർട്ടേഷൻ സെന്ററിലെ ജവാസാത്ത് സെക് ഷനിൽ നിന്നും ഫൈനൽ എക്‌സിറ്റും റെഡിയാക്കി വെള്ളിയാഴ്ച രാവിലെ ദമാം കിംഗ് ഫഹദ് വിമാനത്താവളത്തിൽ നിന്നും ലക്‌നൗവിലേക്കുള്ള എയർഇന്ത്യ വിമാനത്തിൽ വീൽ ചെയറിന്റെ സഹായത്തോടെ യാത്രയാക്കി.