അങ്കാറ: ഭൂകമ്പത്തെ അതിജീവിച്ച് രക്ഷപ്പെട്ട ഏഴംഗ കുടുംബത്തെ മരണം തീ രൂപത്തിൽ തേടിയെത്തി. ശക്തമായ ഭൂകമ്പത്തെ അതിജീവിച്ച് മധ്യ തുർക്കിയിൽ അഭയം പ്രാപിച്ച ഏഴംഗ സിറിയൻ കുടുംബമാണ് തീപിടുത്തത്തിൽ ദാരുണമായി മരണപ്പെട്ടത്. ഭൂകമ്പത്തിൽ രക്ഷപ്പെട്ട ഇവർ അഭയം തേടിയ വീടാണ് കത്തിയമർന്നത്.
വിവാഹിതരായ ദമ്പതികളും അവരുടെ 4 നും 13 നും ഇടയിൽ പ്രായമുള്ള അഞ്ച് കുട്ടികളും ഉൾപ്പെടുന്ന കുടുംബമാണ് ഈ ദാരുണ അപകടത്തിൽ പെട്ടത്. കോനിയയുടെ പ്രാന്തപ്രദേശത്തുള്ള ബന്ധുക്കൾക്കൊപ്പം താമസിക്കാൻ ഗാസിയാൻടെപ്പ് പ്രവിശ്യയിൽ നിന്ന് പലായനം ചെയ്തതായിരുന്നു കുടുംബം.
ഒരേ കുടുംബത്തിലെ മറ്റ് 5 പേർക്ക് തീയിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വീട് ചൂടാക്കാൻ ഉദ്ദേശിച്ചുള്ള സ്റ്റൗവിൽ നിന്നാണ് തീ പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂകമ്പ ബാധിത പ്രദേശങ്ങൾ ഉൾപ്പെടെ തുർക്കി, സിറിയ എന്നിവിടങ്ങളിൽ കടുത്ത തണുപ്പ് ആണ് അനുഭവപെടുന്നത്.
