എത്ര മാതൃകയാണ് ഈ അറബ് രാജ്യം…….; ക്രിസ്ത്യൻ, മുസ്‌ലിം, ജൂത ആരാധനാലയങ്ങൾ ഒരു കുടക്കീഴിൽ; അബുദാബിയിൽ ‘ഏബ്രഹാമിക് ഫാമിലി ഹൗസ്’ തുറന്നു

0
2362

അബുദാബി: സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പുത്തൻ സന്ദേശം നൽകി യുഎഇ തലസ്ഥാനത്ത് ഏബ്രഹാമിക് ഫാമിലി ഹൗസ് ഉദ്ഘാടനം ചെയ്തു. സാദിയാത് ദ്വീപിൽ മുസ്ലിം, ക്രൈസ്തവ, ജൂത വിശ്വാസികളുടെ ആരാധനാലയങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയതാണ് ഏബ്രഹാമിക് ഫാമിലി ഹൗസ്.



ഒരേ കോമ്പൗണ്ടിൽ ക്രിസ്ത്യൻ, മുസ്‌ലിം പള്ളികളും സിനഗോഗും ഉൾക്കൊള്ളുന്നതാണ് കോംപ്ലക്സ്. സാദിയാത്ത് ദ്വീപിലെ ഇന്റർഫെയ്ത്ത് കോംപ്ലക്സ് മാർച്ച് ഒന്നിനു രാവിലെ 10 ന് സന്ദർശനത്തിനായി തുറക്കുമെന്ന് ഏബ്രഹാമിക് ഫാമിലി ഹൗസ് വെബ്‌സൈറ്റിൽ പറഞ്ഞു.

ഒരേ ഡിസൈൻ, ഒരേ വലിപ്പം

ഇമാം അൽ തയെബ് പള്ളി, സെന്റ് ഫ്രാൻസിസ് പള്ളി, മോസസ് ബിൻ മൈമൺ സിനഗോഗ് എന്നിവയാണ് മൂന്ന് ആരാധനാലയങ്ങളുടെ പേരുകൾ. 2019 ൽ ന്യൂയോർക്കിൽ നടന്ന ആഗോള സമ്മേളനത്തിൽ യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് പദ്ധതിയുടെ രൂപരേഖ ആദ്യമായി അവതരിപ്പിച്ചത്. പഠനം, സംഭാഷണം, ആരാധന എന്നിവയ്ക്കുള്ളതാണ് ഇൗ ഇടം. ഇസ്‌ലാം മതം, ക്രിസ്തുമതം, ജൂതമതം എന്നീ മൂന്ന് ഏബ്രഹാമിക് വിശ്വാസങ്ങൾക്കിടയിൽ യോജിപ്പുള്ള സഹവർത്തിത്വത്തിന്റെയും ധാരണയുടെയും പങ്കിട്ട മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക നാഴികക്കല്ലാണ് ഏബ്രഹാമിക് ഫാമിലി ഹൗസ്. മൂന്നു ആരാധനാലയങ്ങളും തുല്യ ഉയരത്തിലും വലിപ്പത്തിലുമാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്.

പഠിക്കാനും അറിയാനും എല്ലാവർക്കും സ്വാഗതം

ഘാന-ബ്രിട്ടീഷ് വാസ്തുശിൽപിയായ സർ ഡേവിഡ് അഡ്‌ജേയുടെ ഏബ്രഹാമിക് ഫാമിലി ഹൗസിന്റെ ഡിസൈൻ മൂന്ന് മതങ്ങൾക്കിടയിൽ പങ്കിടുന്ന മൂല്യങ്ങളെ ഉൾക്കൊള്ളുന്നു. പൊതു ആരാധനാ ശുശ്രൂഷകളിലും വിദ്യാഭ്യാസ പരിപാടികളിലും എല്ലാ മതങ്ങളിൽ നിന്നുമുള്ള സന്ദർശകർക്കും പങ്കെടുക്കാം. മൂന്ന് ആരാധനാലയങ്ങളിൽ ഓരോന്നും അനുഭവിക്കാനും ഓരോ ഏബ്രഹാമിക് വിശ്വാസത്തിന്റെയും പ്രധാന തത്ത്വങ്ങൾ കണ്ടെത്താനും സന്ദർശകരെ ക്ഷണിക്കുന്നു. പരസ്പര സംഭാഷണം, അറിവിന്റെ കൈമാറ്റം, വിശ്വാസ സമ്പ്രദായം എന്നിവയിലൂടെ നമ്മുടെ പൊതു മനുഷ്യത്വത്തെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നുവെന്ന് വെബ് സൈറ്റിൽ പറയുന്നു.

യുഎഇയുടെ സഹിഷ്ണുതയുടെ ഉദാഹരണം

രാജ്യത്തിന്റെ വൈവിധ്യത്തിന്റെയും സഹിഷ്ണുതയുടെയും ആഘോഷത്തിന് അനുസൃതമായാണ് സാദിയാത്ത് ദ്വീപിൽ ഏബ്രഹാമിക് ഫാമിലി ഹൗസ് സ്ഥാപിക്കുന്നതെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പുതിയ സാധ്യതകൾ സൃഷ്‌ടിക്കാൻ വിവിധ സമൂഹങ്ങളിൽ നിന്നുള്ള ആളുകൾ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ അഭിമാനകരമായ ചരിത്രമാണ് യുഎഇക്കുള്ളതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അബുദാബിയിലെ ഏബ്രഹാമിക് ഫാമിലി ഹൗസ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ, പരസ്പര ബഹുമാനം, ധാരണ, വൈവിധ്യം എന്നിവയുടെ ശക്തി ഉപയോഗപ്പെടുത്തി പങ്കിട്ട പുരോഗതി കൈവരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. മതപരമായ ഒത്തുചേരൽ യുഎഇയുടെ പരസ്പര ബഹുമാനത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്നു.

അബ്രഹാം വഴിയുള്ള മതങ്ങൾ

ഇസ്‌ലാം, ജൂത, ക്രിസ്ത്യൻ മതങ്ങളിൽ ആദരിക്കപ്പെടുന്ന ഏബ്രഹാം (ഇബ്രാഹിം) പ്രവാചകൻ വഴിയുള്ള ഏബ്രഹാമിക് മതങ്ങൾക്ക് ആദരവ് അർപ്പിച്ചാണ് ആരാധനാലയം നിർമിച്ചത്. ഏബ്രഹാമിക് മതങ്ങളുടെ മൂന്ന് തൂണുകൾ ശ്രദ്ധേയമായ മൂന്ന് ഘടനകളുടെ രൂപത്തിൽ ബഹുമാനിക്കപ്പെടുന്നു -ഒാരോ ക്രിസ്ത്യൻ, മുസ് ലിം പള്ളി, ഒരു സിനഗോഗ് – എല്ലാം ഒരു സെൻട്രൽ ഗാർഡനിലേയ്ക്ക് നയിക്കുന്നു. ഇതിന് കീഴിൽ ഒരു മ്യൂസിയവും വിദ്യാഭ്യാസ കേന്ദ്രവും ഉണ്ട്. ഈ സമുച്ചയം ചരിത്രം വിവരിക്കുകയും മനുഷ്യ നാഗരികതകൾക്കും സ്വർഗീയ സന്ദേശങ്ങൾക്കുമിടയിൽ പാലങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നുവെന്ന് അബുദാബി സർക്കാർ നേരത്തെ പറഞ്ഞിരുന്നു.

2019-ൽ പോണ്ടിഫിന്റെ യുഎഇ സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ അഹമ്മദ് അൽ തയീബും ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയുടെ ഭൗതിക പ്രകടനമായി ഇത് സജ്ജീകരിച്ചിരിക്കുന്നു. 2019 ഫെബ്രുവരി 5 ന് അബുദാബി കിരീടാവകാശിയായിരുന്ന ഷെയ്ഖ് മുഹമ്മദാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. 2020 സെപ്റ്റംബറിൽ ഏബ്രഹാം ഉടമ്പടി പ്രകാരം ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ യുഎഇ സമ്മതിച്ചതോടെ ഈ വികസനം കൂടുതൽ പ്രസക്തമായി.

News courtesy:manorama online