റിയാദ്: അൾജീരിയയിലെ സഊദി അറേബ്യയുടെ എംബസിയിൽ ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സംശയിക്കുന്ന ഒരാളെ അൾജീരിയൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
സഊദി അറേബ്യയുടെ ആസ്ഥാനം തകർക്കുമെന്ന്ഒരാൾ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയതായി സഊദി അറേബ്യയുടെ എംബസി അറിയിച്ചു.
തുടർന്ന് എംബസി അൾജീരിയൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സാധിച്ചു.
ഈ ഭീഷണിയിൽ നിന്ന് എംബസിയെയും അതിലെ ജീവനക്കാരെയും സംരക്ഷിക്കാനും അത് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും മടിക്കാത്ത അൾജീരിയൻ സുരക്ഷാ സേനയിൽ തങ്ങളുടെ വിശ്വാസം എംബസി പ്രസ്താവനയിൽ ആവർത്തിച്ചു. അൾജീരിയൻ അധികൃതരുടെ ശ്രമങ്ങളെ എംബസി അഭിനന്ദിക്കുകയും ചെയ്തു.
സംശയിക്കപ്പെടുന്ന വ്യക്തിയുടെ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. മെഡിക്കൽ പരിശോധനകൾക്കും മാനസിക പരിശോധനകൾക്കും ശേഷം കുറ്റം ചുമത്തും.