40 വർഷം പിന്നിട്ട വണ്ടൂർ പ്രവാസികളെ ആദരിച്ചു

ജിദ്ദ: ജിദ്ദ – വണ്ടൂർ പ്രവാസി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ഷറഫിയ്യ റീഗൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന “വണ്ടൂർ സംഗമം 2023” ന്റെ ഭാഗമായി സഊദി അറേബ്യയിൽ 40 വർഷത്തെ പ്രവാസം പിന്നിട്ട വണ്ടൂർ സ്വദേശികളെ ആദരിച്ചു.

ജിദ്ദയിലെ വ്യാപാര – വ്യവസായ രംഗത്തെ പ്രമുഖരും പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമായ വി.പി മുഹമ്മദലി, മുഹമ്മദ് നജീബ് കെ. കെ, അബ്ദുസ്സലാം മേത്തലയിൽ, നജീബ് (ബേബി) നീലാമ്പ്ര, ഉമ്മർ ഓടക്കുഴിയൻ, ഐ.കെ. ഹുസ്സൈൻ എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങിൽ വിശിഷ്‌ടാതിഥികളായി എത്തിയ അക്ബർ കരുമാര, അഷ്‌റഫ് അലി മാസ്റ്റർ, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, കണ്ണിയൻ അബ്ദുൽ മജീദ്, ഹാരിസ് നീലാമ്പ്ര എന്നിവർ മുതിർന്ന പ്രവാസികൾക്കുള്ള മെമെന്റോ കൈമാറുകയും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

തുടർന്ന് കെ. ടി. എ മുനീറിന്റെ നേതൃത്വത്തിൽ ‘ഇന്ററാക്ഷൻ വിത്ത് പയനിയേർസ്’ എന്ന പേരിൽ ടേബിൾ ടോക്ക് നടന്നു. ഓർക്കുമ്പോൾ ഇപ്പോഴും ഭയം തോന്നുന്ന സഊദിയിലേക്കുള്ള കപ്പൽ യാത്രയും ടെന്റുകളിൽ വസിച്ചിരുന്ന ദുരിത കാലവും ബലദിയയിലും മറ്റും ചെയ്ത ജോലികളും തുടങ്ങി ആദ്യകാല പ്രവാസത്തിന്റെ പ്രയാസങ്ങളും നൊമ്പരങ്ങളും പൊള്ളുന്ന ജീവിതാനുഭവങ്ങളും ആദരം ഏറ്റുവാങ്ങിയവർ പുതിയ തലമുറയിലെ സദസ്സ്യർക്കായി പങ്കുവെച്ചു.

പരിപാടിയിൽ ജിദ്ദ – വണ്ടൂർ കൂട്ടായ്മ പ്രസിഡണ്ട് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. കെ. ടി. സകീർ ഹുസ്സൈൻ സ്വാഗതവും റഷാദ് കരുമാര നന്ദിയും പറഞ്ഞു.