റിയാദ്: സഊദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിക്ക് സുനീർ മണ്ണാർക്കാടിന്റെ ഇടപെടൽ തുണയായി. മലയാളിയായ സമീർ പെരിഞ്ചേരി ആണ് വധശിക്ഷയിൽ നിന്നും മോചിതനായത്.
ഇൻഡോനേഷ്യൻ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യഭിചാരക്കുറ്റം ചുമത്തിയാണ് സമീറിനെ റിയാദ് ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് (മരണം വരെ കല്ലെറിഞ്ഞു കൊല്ലുക) വിധിച്ചത്. അപ്പീൽ പോയെങ്കിലും വധശിക്ഷ മേൽക്കോടതി ശരിവച്ചു.
സമീറിന്റെ കേസിന്റെ തുടർനടപടികൾക്കായി ഇന്ത്യൻ എംബസി വക്കീൽ സുനീർ മണ്ണാർക്കാടിന് ഓതറൈസേഷൻ നൽകുകയായിരുന്നു. അന്തിമ വിധി വന്നശേഷം വധശിക്ഷ കാത്തു കിടന്ന സമീറിന്റെ ശിക്ഷ റദ്ദാക്കുന്നതിനായുള്ള പരിശ്രമങ്ങൾക്ക് വേണ്ടി ആയിരുന്നു സുനീർ മണ്ണാർക്കാട് പിന്നീടുള്ള ഓരോ ദിനങ്ങളും മാറ്റിവെച്ചത്.
സുനീർ സമീറിന്റെ കേസിനെതിരെ അപ്പീൽ പോവുകയും റീ ഓപ്പൺ ചെയ്യുകയും ദൃക്സാക്ഷികളോ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലാതിരുന്ന കേസ് ഒരു സെക്ഷനിലേക്ക് മാറ്റിവെപ്പിക്കുകയും ചെയ്തു. വക്കീൽ സുനീർ മണ്ണാർക്കാട് ആവശ്യപ്പെട്ട മൊഴികളോ,തെളിവുകളോ നൽകി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതിരുന്നതിന്റെ അടിസ്ഥാനത്തിൽ സമീറിനെതിരെയുള്ള മരണവിധി നിർത്തിവയ്ക്കാൻ കോടതി ഉത്തരവായി.
അടുത്ത സെക്ഷനിൽ വധശിക്ഷ റദ്ദാക്കി സമീർ പെരിഞ്ചേരിക്ക് അയാൾ അർഹിക്കുന്ന ശിക്ഷ മാത്രം നൽകാനും കോടതി ഉത്തരവായി. സുനീർ മണ്ണാർക്കാടിന്റെ പരിശ്രമത്തിനോടുവിൽ ക്രിമിനൽ കോടതിയും ഹൈക്കോടതിയും എറിഞ്ഞു കൊല്ലാൻ വിധിച്ച സമീർ പെരുഞ്ചേരിയുടെ വിധി ഈ വരുന്ന 20 ലേക്ക് സെക്ഷൻ മാറ്റിവെച്ച് ജയിൽവാസം മാത്രമായി ഒതുങ്ങും.
താൻ അടക്കമുള്ള ഇന്ത്യക്കാർക്ക് എന്നും നാണക്കേടായി മാറാവുന്ന വിധി മാറ്റി എഴുതിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഒരു കുടുംബത്തിൻറെ കണ്ണീർ തുടയ്ക്കാൻ സാധിച്ചതിൽ ദൈവത്തിനോട് എന്നും താൻ കടപ്പെട്ടിരിക്കുന്നു എന്നും ഇനിയും ഇത്തരത്തിൽ നിസ്സഹാവസ്ഥയിൽ കഴിയുന്നവരുടെ രക്ഷയ്ക്ക് വേണ്ടി പരിശ്രമം തുടരുമെന്നും സുനീർ മണ്ണാർക്കാട് പ്രതികരിച്ചു.
റിയാദിലെ മറ്റൊരു സാമൂഹിക പ്രവർത്തകനായ അൻഷാദ് കരുനാഗപ്പള്ളി സമീറുമായി ഫോണിൽ ബന്ധപ്പെടുകയും കേസ് സംബന്ധിക്കുന്ന ശരിയായ വിവരങ്ങൾ സുനീറിന് നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു.
റിയാദ് KMCC ഓമശ്ശേരി പഞ്ചായത്തിലെ നിലവിലെ വൈസ് പ്രസിഡന്റും 2023 കൊടുവള്ളി മണ്ഡലം പ്രവർത്തകസമിതി അംഗവുമായ സാലിഹ് ഓമശ്ശേരിയും റിയാദ് KMCC കൊടുവള്ളി മണ്ഡലം ചെയർമാൻ സുഹൈൽ ഓമശ്ശേരിയും സമീറിന്റെ വിധിയ്ക്ക് എതിരെ ഉള്ള പോരാട്ടത്തിൽ സുനീർ മണ്ണാർക്കാടിനൊപ്പം ആദ്യാവസാനം വരെ ഉണ്ടായിരുന്നു.
അഡ്വ. സൽമാൻ അമ്പലക്കണ്ടി, യൂനിസ് അമ്പലക്കണ്ടി എന്നിവർ നാട്ടിൽ കുടുംബവുമായി ബന്ധപ്പെട്ടിട്ടുള്ള പേപ്പറുകൾ റെഡി ആക്കുന്നതിനും മറ്റുമായി സൂനീറിനെ സഹായിച്ചിരുന്നു. ഇന്ത്യൻ എംബസിയും ഈ കേസിൽ നിർണായക പങ്കുവഹിച്ചിരുന്നു