ഉംറ വിസക്കാർക്ക് ഇനി സഊദിയിലെ ഏത് വിമാനത്താവളത്തിലും വന്നിറങ്ങാം, വിമാനകമ്പനികൾക്ക് നിർദേശം നൽകി ഗാക

0
1944

റിയാദ്: ഉംറ വിസയിലെത്തുന്നവർക്ക് സഊദിയിലെ ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാമെന്ന നിർദേശം വിമാനകമ്പനികൾക്ക് നൽകി സഊദി സിവിൽ എവിയേഷൻ. ഇതോടെ, നാട്ടിൽ നിന്ന് ഉംറ വിസയിൽ സഊദിയിലെ ഏത് വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാനാകും. സഊദി അറേബ്യ ഇക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണെങ്കിലും സഊദി സിവിൽ എവിയേഷൻ അതോറിറ്റിയുടെ നിർദേശം ലഭിക്കാത്തതിനാൽ ഇത് വരെ ഉംറ തീർഥാടകരെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമായിരുന്നു നാട്ടിൽ നിന്നും അനുവദിച്ചിരുന്നത്. സഊദി ഹജ്ജ് ഉംറ മന്ത്രാലയം തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും സിവിൽ എവിയേഷൻ ഇത് വരെ ഇക്കാര്യം സൂചിപ്പിച്ച് സർക്കുലർ പുറത്തിറക്കിയിരുന്നില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉംറ വിസയിലെത്തുന്നവർ സഊദിയിലേക്ക് പ്രവേശിക്കുന്നതും പുറത്ത് പോകുന്നതും ജിദ്ദ, മദീന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി തന്നെ വേണമെന്ന് നിർബന്ധമില്ലെന്നും, രാജ്യത്തെ ഏത് വിമാനത്താവളവും ഇതിനായി ഉപയോഗിക്കാമെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ഇക്കാര്യം നേരത്തെ തന്നെ ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നുവെങ്കിലും, ഇതനുസരിച്ച് മറ്റു വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റെടുത്ത നിരവധി തീർഥാടകർക്ക് വിമാന കമ്പനികൾ ബോർഡിംഗ് പാസ് നൽകാത്തതിനാൽ യാത്ര തടസ്സപ്പെട്ടിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുൾപ്പെടെ നിരവധി തീർഥാടകർക്ക് സമാനമായി യാത്ര മുടങ്ങിയിരുന്നു. സഊദിയിലെ മറ്റു പ്രധാന വിമാനത്താവളങ്ങളായ ദമാം, റിയാദ് വിമാനത്താവളത്തിലേക്കും ടിക്കറ്റെടുത്തവർക്കാണ് നേരത്തെ യാത്രാനുമതി നിഷേധിച്ചിരുന്നത്.

ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ പുതിയ തീരുമാനം വിമാന കമ്പനികളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും, ഉംറ തീർഥാകരെ മറ്റു വിമാനത്താവളങ്ങളിലേക്ക് കൊണ്ടുപോകാനും തിരിച്ച് കൊണ്ടുവരുവാനും അനുവാദം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നുമായിരുന്നു വിമാന കമ്പനികളുടെ വിശദീകരണം.

എന്നാൽ ഏത് വിമാനത്താവളം വഴിയും സഊദിയിലേക്ക് പ്രവേശിക്കാനും തിരിച്ച് പോകാനും ഉംറ തീർഥാടകർക്ക് അനുവാദമുണ്ടെന്നാണ് വ്യക്തമാക്കിയാണ് വ്യോമയാന അതോറിറ്റി ഇപ്പോൾ സർക്കുലർ പുറത്തിറക്കിയത്.

അടുത്തിടെയാണ് ഉംറ വിസക്ക് 90 ദിവസം വരെ കാലാവധി അനുവദിച്ച് തുടങ്ങിയത്. ഇതിന് പിറകെ ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാമെന്ന അനുവാദം കൂടി നൽകിയത് തീർഥാടകർക്ക് ഏറെ ആശ്വാസം നൽകുന്നതാണ്. സഊദിയിൽ ജോലി ചെയ്യുന്ന ബന്ധുക്കളുടെ അടുത്തേക്ക് അവർ താമസിക്കുന്ന നഗരങ്ങളിലെ വിമാനത്താവളത്തിലേക്ക് നേരിട്ട് വരാൻ അനുവാദം നൽകിയതും അവരൊപ്പം 90 ദിവസം വരെ കഴിയാൻ അനുവാദം നൽകിയതും പ്രവാസികൾക്കും ഏറെ ആശ്വാസം നൽകുന്നതാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക