റിയാദ്: വനിതകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നവരെന്ന അപഖ്യാതി തകര്‍ത്ത് വീണ്ടും സഊദ്യ അറേബ്യയുടെ തിളക്കം. ഇതാദ്യമായി ബഹിരാകാശത്തേക്ക് വനിതയെ അയയ്ക്കാനുള്ള ഒരുക്കത്തിലാണ് സഊദി. ബഹിരാകാശയാത്രികയായ റെയ്യാന ബർനാവിയാണ് ഈ താരം. 2023 ന്റെ രണ്ടാം പാദത്തിൽ റെയ്യാന, സഊദി അലി അൽ കർനിയുമായി 10 ദിവസത്തെ ദൗത്യത്തിൽ ചേരുമെന്ന് സഊദി അറേബ്യ അറിയിച്ചു.
സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പേസിന്റെ ദൗത്യത്തിന്റെ ഭാഗമായി ബർനവിയും അൽ കർനിയും സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഐഎസ്എസിലേക്ക് പറക്കും. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റാണ് എക്സ്-2 വിക്ഷേപിക്കുന്നത്.
മുൻ കാലങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്ന രാജ്യമായാണ് സഊദി അറേബ്യയെ പാശ്ചാത്യ ലോകം ആരോപിച്ചിരുന്നത്. ഏറ്റവും കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളുമായിരുന്നുപലകാര്യങ്ങളിലും ഇവിടെ. ബഹിരാകാശ ദൗത്യത്തോടെ സഊദിയുടെ സ്ത്രീ ശാക്തീകരണത്തിന് ലോകമാനം കൈവരും. ഈ പദ്ധതിയെ തന്റെ സർക്കാർ പൂർണമായി പിന്തുണയ്ക്കുന്നതായി സഊദി സ്പേസ് കമ്മിഷൻ ചെയർമാൻ അബ്ദുല്ല അൽ സ്വാഹ പറഞ്ഞു. കമ്മിഷൻ തലവൻ മുഹമ്മദ് അൽ-തമീമി, പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇത് രാജ്യത്തെ ഗണ്യമായ പുരോഗതി കൈവരിക്കാൻ പ്രാപ്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 1985 ൽ രാജ്യത്തിന്റെ കിരീടാവകാശി സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ഒരു വ്യോമസേന പൈലറ്റിനെ യുഎസ് ദൗത്യത്തിൽ ഒപ്പമയച്ചിരുന്നു. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ അറബ് മുസ്‌ലിം രാജ്യമായി അന്ന് സഊദി മാറി.