കിടിലൻ ഫീച്ചറുകൾ ഇറക്കി ഞെട്ടിക്കുന്ന വാട്സ്ആപ്പ് (Whatsapp) ഇപ്പോൾ മറ്റൊരു പുത്തൻ സമ്മാനം തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഒറ്റയടിക്ക് കൈമാറാവുന്ന ഫയലുകളുടെ എണ്ണം 100 ആയി ഉയർത്താൻ വാട്സ്ആപ്പ് തയാറെടുക്കുന്നു എന്നതാണ് ഉപയോക്താക്കൾക്കുള്ള ആ സന്തോഷവാർത്ത. ഇതുവരെ ഒറ്റയടിക്ക് 30 ഫയലുകൾ മാത്രമാണ് വാട്സ്ആപ്പ് വഴി അയയ്ക്കാൻ സാധിച്ചിരുന്നത്. ഇത് നൂറായി ഉയർത്തുന്നതോടെ ചിത്രങ്ങളും മറ്റും ഒറ്റയടിക്ക് അയയ്ക്കാൻ കഴിയും.
കൈമാറാൻ ഫയലുകൾ അനവധി…
സൃഹൃത്തുക്കളുമായി നാം ഒത്തുകൂടുമ്പോഴോ, മറ്റ് വിശേഷ അവസരങ്ങളിലോ ഒക്കെ ധാരാളം ഫോട്ടോകൾ നാം എടുക്കാറുണ്ട്. ജീവിതത്തിലെ പ്രിയപ്പെട്ട ഓർമകൾ ഭാവിയിലും കൂടെയുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ ഈ ചിത്രങ്ങൾ സൂക്ഷിക്കുന്നു. എന്നാൽ ഒരാളുടെ ഫോണിലായിരിക്കും ഇത്തരം അവസരങ്ങളിൽ നാം കൂടുതലായും ചിത്രങ്ങൾ പകർത്തുക. തുടർന്ന് നമ്മുടെ ഫോണിലേക്ക് ഈ ചിത്രങ്ങൾ മാറ്റാൻ ഏറെ പണിപ്പെടേണ്ടി വരാറുണ്ട്.
പണി കുറയും
ഡോക്യുമെന്റ് ആക്കി വാട്സ്ആപ്പ് വഴി തന്നെ അയയ്ക്കുകയോ മറ്റ് ഫയൽ ഷെയറിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ ചിത്രങ്ങളുടെ ക്വാളിറ്റി ഒട്ടും കുറയാതെ വാട്സ്ആപ്പ് വഴി അയയ്ക്കാനുള്ള സംവിധാനം വരുന്നുണ്ട്. അതോടൊപ്പം ഒറ്റയടിക്ക് അയയ്ക്കാവുന്ന ഫയലുകളുടെ എണ്ണം 100 ആക്കുകകൂടി ചെയ്യുന്നതോടെ ഫയൽ ഷെയറിങ്ങിനുള്ള മികച്ച ഒരു സംവിധാനമായി മാറാൻ വാട്സ്ആപ്പിന് കഴിയും.
ആ നിലയ്ക്ക് നോക്കിയാൽ വാട്സ്ആപ്പിന്റെ തൊപ്പിയിലെ പുതിയ പൊൻ തൂവലാണ് പുതിയ ഫയൽ ഷെയറിങ് ഫീച്ചർ. ആൻഡ്രോയിഡിലെ ചില ബീറ്റ ഉപയോക്താക്കൾക്ക് ഇതിനോടകം ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. അതിനാൽത്തന്നെ അധികം വൈകാതെ തന്നെ ഈ പുതിയ ഫയൽ ഷെയറിങ് സൗകര്യം വാട്സ്ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിച്ചേരും.