ഭൂകമ്പത്തിൽ ആശുപത്രി കെട്ടിടം കുലുങ്ങുമ്പോഴും നവജാതശിശുക്കളെ കൈവിടാതെ നഴ്സുമാർ

0
2282

ഇസ്താംബൂൾ: ഭൂകമ്പത്തിൽ ആശുപത്രി കെട്ടിടം കുലുങ്ങുമ്പോഴും നവജാതശിശുക്കളെ കൈവിടാതെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന നഴ്സുമാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഗാസിയാൻടൈപ്പ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഭൂചലനമുണ്ടായപ്പോൾ നവജാതശിശുക്കളെ പരിചരിക്കുന്ന യൂണിറ്റിലേക്ക് 2 നഴ്സുമാർ ഓടിയെത്തി. ഭൂകമ്പത്തിൽ കുലുങ്ങുന്ന ബേബി ഇൻകുബേറ്ററുകൾ താഴെ വീഴാതെ ഇരുകൈകളും കൊണ്ട് മുറുകെ പിടിച്ചുനിന്നു.
പൂർവസ്ഥിതിയിലാകുന്നതുവരെ അവർ പിടിച്ചുനിൽക്കുന്നത് വിഡിയോയിൽ കാണാം. ഡെവ്ലറ്റ് നിസാം, ഗാസ്വൽ കാലിസ്കൻ എന്നീ നഴ്സുമാരാണ് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കിയതെന്ന് തുർക്കിയിലെ രാഷ്ട്രീയ നേതാവ് ഫാത്മ സാഹിൻ വിഡിയോയ്ക്കൊപ്പം വെളിപ്പെടുത്തി.

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 28, 000 കടന്നിരിക്കുകയാണ്. 31,000 രക്ഷാപ്രവർത്തകരാണ് ദുരിതബാധിത മേഖലകളിൽ നിലയുറപ്പിച്ചിരിക്കുന്നത്. 80,000ലേറെപേർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.