വാടക കരാർ പ്രകാരമുള്ള നിശ്ചിത സംഖ്യ അടയ്ക്കാന്‍ വൈകുന്നത് കാരണം വിദേശികൾ നിയമക്കുരുക്കില്‍

0
2263

റിയാദ്: വാടക കരാര്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിച്ചതിന് ശേഷം നിശ്ചിത സംഖ്യ അടയ്ക്കാന്‍ വൈകുന്നത് കാരണം വിദേശികൾ നിയമക്കുരുക്കില്‍.

നഗരഗ്രാമ മന്ത്രാലയത്തിന്റെ ഈജാര്‍ പ്ലാറ്റ്‌ഫോം വഴി വാടകക്കരാര്‍ വ്യക്തികളുടെ അബ്ശിര്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചത് സംബന്ധിച്ച അറിവില്ലായ്മയാണ് പലരെയും നിയമക്കുരുക്കിലെത്തിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ വാടക കരാറുകളും ഈജാര്‍ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നിലവില്‍ വന്നത് മൂന്നു വര്‍ഷം മുമ്പാണ്.

വാടക നല്‍കുന്നവന്റെയും കെട്ടിട ഉടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനാണ് മന്ത്രാലയം ഈ പദ്ധതി നടപ്പാക്കിയത്. രാജ്യത്തെ ഭൂരിപക്ഷം വാടക കരാറുകളും ഈജാര്‍ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.

വാടക സംഖ്യ അടയ്ക്കാനുള്ള സമയപരിധി അവസാനിച്ച് 15 ദിവസം കഴിഞ്ഞാല്‍ കെട്ടിട ഉടമക്ക് കരാര്‍ അനുസരിച്ചുള്ള തുക അടയ്ക്കാന്‍ വാടകയെടുത്ത വ്യക്തിയോട് ആവശ്യപ്പെടാമെന്നും 30 ദിവസത്തിന് ശേഷം കോടതി നടപടികളിലേക്ക് നീങ്ങാമെന്നും ഈജാര്‍ പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനുള്ള നിയമപരിരക്ഷയും സൗദിയിലെ കോടതികള്‍ നല്‍കുന്നുണ്ട്. നിയമ മന്ത്രാലയത്തിന്റെ നാജിസ് പോര്‍ട്ടല്‍ വഴി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വാടകക്കരാര്‍ അറ്റാച്ച് ചെയ്ത് ഉടമക്ക് വാടക എടുത്തയാള്‍ക്കെതിരെ കേസ് നല്‍കാവുന്നതാണ്. കേസ് ഫയലില്‍ സ്വീകരിച്ചാല്‍ വാടകയെടുത്ത വ്യക്തിയുടെ മൊബൈലില്‍ പണമടയ്ക്കാന്‍ അഞ്ചു ദിവസ സമയപരിധി നല്‍കി സന്ദേശമെത്തും. ഈ തീയതി അവസാനിക്കുന്നതോടെ കോടതി സെന്‍ട്രല്‍ ബാങ്കില്‍ വിവരമറിയിച്ച് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും.

അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ അത് കെട്ടിടമുടയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആകും. ഇല്ലെങ്കില്‍ പണമടയ്ക്കുന്നത് വരെ അക്കൗണ്ട് മരവിച്ച നിലയിലായിരിക്കും. പത്തു വര്‍ഷം വരെ യാത്രാ വിലക്കും തുടര്‍ന്നെത്തും.
കേസ് നല്‍കിയത് റിയല്‍ എസ്‌റ്റേറ്റ് ഓഫീസോ കെട്ടിട ഉടമയോ ആണെങ്കില്‍ അവരുമായി ബന്ധപ്പെട്ടാണ് പണം അടച്ച ശേഷം നിയമ നടപടികള്‍ നീക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.