ജിദ്ദ: കേരള സംസ്ഥാന ഫുട്‍ബാൾ ടീമിൽ ഇടം നേടി പ്രവാസി വിദ്യാർത്ഥി മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ഷാഫി. ജിദ്ദയിലെ ഫുട്‍ബാൾ അക്കാദമിയായ സ്പോർട്ടിങ് യുനൈറ്റഡിലൂടെ പരിശീലിച്ചാണ് ഷാഫി വളർന്നുവന്നത്.
ജിദ്ദയിൽ ജനിച്ച ഷാഫി പത്താം ക്ലാസുവരെ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. തുടർപഠനത്തിനായി 2021ലാണ് നാട്ടിലേക്ക് മടങ്ങിയത്.
500പരം കുട്ടികൾ പങ്കെടുത്ത ഓപൺ ട്രയൽസിൽ നിന്നാണ് മുഹമ്മദ് ഷാഫി അവസാന 26 അംഗ കേരള സംസ്ഥാന ടീമിൽ ഇടം കണ്ടെത്തിയത്. ടീമിൽ ഇടം നേടിയ ഏക പ്രവാസി കളിക്കാരൻ കൂടിയാണ് വർഷങ്ങളോളം ജിദ്ദയിൽ സ്പോർട്ടിങ് യുനൈറ്റഡ് ഫുട്ബാൾ അക്കാദമിയിൽ പരിശീലനം നേടിയിരുന്ന മുഹമ്മദ് ഷാഫി. 2020 മാർച്ചിൽ ജിദ്ദയിൽ അവസാനിച്ച സിഫ് ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി നാലാം തവണയും കിരീടം ചൂടിയ സ്പോർട്ടിങ് യുനൈറ്റഡ് ടീം അംഗമായിരുന്നു. ജിദ്ദയിൽനിന്ന് മടങ്ങിയതിനുശേഷം കോവളം എഫ്.സിയിലും ഷാഫി പരിശീലനം നടത്തിയിരുന്നു.
മധ്യപ്രദേശിലെ ഭോപാലിൽ നടക്കുന്ന ഖേലോ ഇന്ത്യ ഗെയിംസ് ഫുട്ബാൾ ടൂർണമെന്റിൽ കർണാടകയെ തോൽപിച്ചു കിരീടം ചൂടിയ കേരള സംസ്ഥാന ഫുട്‍ബാൾ ടീമിലാണ് മുഹമ്മദ് ഷാഫി കളിച്ചത്.
അൽ രാജ്‌ഹി ഏവിയേഷൻ കമ്പനിയിലെ ഉദ്യോഗസ്ഥനായ അബ്ദുൽ സത്താർ -ഫാത്തിമ സുഹ്‌റ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാഫി.