റിയാദ്: ഭൂകമ്പബാധിതർക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി സൗദിയുടെ രണ്ടാമത്തെ ദുരിതാശ്വാസ വിമാനം തുർക്കിയിലെ അദാന വിമാനത്താവളത്തിൽ എത്തി.
മെഡിക്കൽ സാമഗ്രികൾ കൂടാതെ ഭക്ഷണ കൊട്ടകൾ, കൂടാരങ്ങൾ, ഷെൽട്ടർ ബാഗുകൾ, പുതപ്പുകൾ, റഗ്ഗുകൾ എന്നിവയുൾപ്പെടെ 98 ടൺ ദുരിതാശ്വാസ സാമഗ്രികളും വിമാനത്തിൽ ഉണ്ട്.
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവരെ സഹായിക്കാൻ നിരവധി സൗദി മന്ത്രാലയങ്ങളിൽ നിന്നും ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുമുള്ള പ്രത്യേക ആംബുലൻസും റെസ്‌ക്യൂ ടീമുകളും സന്നദ്ധ സംഘങ്ങളും വിമാനത്തിലുണ്ടായിരുന്നു.

കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്ആർ റിലീഫ്) പ്രതിനിധീകരിച്ച് സൗദി അറേബ്യ സർക്കാർ ആരംഭിച്ച സൗദി എയർ ബ്രിഡ്ജ് പ്രോഗ്രാമിലാണ് ദുരിതാശ്വാസ സാമഗ്രികൾ അയക്കുന്നത്.
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സഹേം ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ ഒരു ജനകീയ കാമ്പെയ്‌നും കെഎസ്‌ആർ റിലീഫ് ബുധനാഴ്ച ആരംഭിച്ചു. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നിർദേശങ്ങൾ നടപ്പാക്കുന്ന ഘട്ടത്തിലായിരുന്നു ഇത്. റിയാദിലെ കെഎസ്‌ആർ റിലീഫ് ആസ്ഥാനത്ത് റോയൽ കോർട്ട് ഉപദേഷ്ടാവും കെഎസ്‌ആർ റിലീഫിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഅ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കു പിന്തുണ നൽകുന്നതിനായി സൗദി അറേബ്യ അതിന്റെ മാനുഷിക വിഭാഗമായ കെഎസ്ആർ റിലീഫ് മുഖേന നടത്തുന്ന മാനുഷിക, ദുരിതാശ്വാസ സംരംഭങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ സഹായം എന്നത് ശ്രദ്ധേയമാണ്.