മലർവാടി ബാലോത്സവം ഫെബ്രുവരി 10 ന് ജിദ്ദയിൽ

ജിദ്ദ: ‘ഒരുമിക്കാം ഒത്തു കളിക്കാം’ എന്ന ബാനറിൽ മലർവാടി ബാല സംഘം ജിദ്ദ സൗത്ത് സോൺ സംഘടിപ്പിക്കുന്ന ‘ബാലോത്സവം 2023’ ഫെബ്രുവരി 10 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ സംഘാടകർക്കൊപ്പം മലർവാടി അംഗങ്ങളായ കുട്ടികളും പങ്കെടുത്ത് പരിപാടികൾ വിശദീകരിച്ചത് ശ്രദ്ധേയമായി.

അക്കാദമിക് വിഷയങ്ങളിലും ഐ ടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങള്‍ക്ക് അവരുടെ കലാ കായിക സര്‍ഗ്ഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ബാലോത്സവം സംഘടിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. ‘ഒരുമിക്കാം ഒത്തുകളിക്കാം’ എന്ന പേരിൽ ഉച്ചക്ക് രണ്ട് മുതൽ ജിദ്ദ അശുരൂഖിലെ ദുർറ വില്ലയിൽ വെച്ച് നടക്കുന്ന ബാലോത്സവത്തിൽ കുട്ടികൾക്ക് അറിവും വിനോദവും പകർന്ന് നൽകുന്ന 40 ഓളം വിവിധ ഗെയിംസ് ഇനങ്ങൾ ഉണ്ടായിരിക്കും. ഏകദേശം 300 ഓളം കുട്ടികൾ പങ്കെടുക്കുന്ന ബാലോത്സവത്തിൽ കെ. ജി മുതൽ ഏഴ് വരെ ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പങ്കെടുക്കുക. രണ്ടര മണിക്കൂര്‍ സമയപരിധിയില്‍ പരമാവധി കൗണ്ടറുകളില്‍ മത്സരിക്കുകയും പരമാവധി സ്കോര്‍ നേടിയെടുക്കുകയും ചെയ്യുകയെന്നതാണ് പ്രധാനം. ഓരോ കാറ്റഗറിയിലും എറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക സമ്മാനവും മത്സരത്തില്‍ പങ്കെടുത്ത് സ്കോര്‍ ചെയ്യുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും എര്‍പ്പെടുത്തിയിട്ടുണ്ട്.കുട്ടികളോടൊപ്പമെത്തുന്ന രക്ഷിതാക്കൾക്ക് പ്രത്യേക പാരന്റിംഗ്‌ സെഷനും ഒരുക്കിയിട്ടുണ്ടെന്നും അവർ വിശദീകരിച്ചു.

വൈകിട്ട് 7 മണിക്ക് മലർവാടി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ബാലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള സമ്മാനദാനവും അതോടൊപ്പം നടക്കും. ബാലോത്സവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 0559368442 (ഹസീബ്) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അവർ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ മലർവാടി ഉപരക്ഷാധികാരി കെ. എം അനീസ്, പ്രോഗ്രാം കൺവീനർ നൗഷാദ് നിഡോളി എന്നിവർക്ക് പുറമെ മലർവാടി അംഗങ്ങളായ
അമീൻ അഹമ്മദ്, അയാൻ അബ്ദുൽമജീദ്,
റൂഹി നജ്മുദ്ധീൻ, അദീന തൗഫീഖ്, റംസി ഷഫീഖ് എന്നിവരും പങ്കെടുത്തു.